ഹോട്ട് സ്‌പോട്ട്, നിരോധനാജ്ഞ നിയന്ത്രണങ്ങൾ നടപ്പാക്കി
കൊല്ലം: കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച പോരുവഴി, ശാസ്‌താംകോട്ട പഞ്ചായത്തുകൾ പൊലീസ് വലയത്തിൽ. ജില്ലാ അതിർത്തിയായ ഏഴാംമൈൽ, ശാസ്‌താംനട, സിനിമാപറമ്പ്, ഭരണിക്കാവ് ആഞ്ഞിലിമൂട്, നാലുമുക്ക്, പാറയിൽ മുക്ക് എന്നിവിടങ്ങളിൽ ബാരിക്കേഡുകളും ഡിവൈഡറുകളും സ്ഥാപിച്ച് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലേക്കുമുള്ള എല്ലാ ഇടറോഡുകളും പൊലീസ് പൂർണമായും അടച്ചു. പുറത്ത് നിന്നുള്ളവരെ അകത്തേക്കും ഇവിടെ താമസിക്കുന്നവരെ പുറത്തേക്കും അകാരണമായി യാത്ര ചെയ്യാൻ അനുവദിക്കില്ല.
കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. നാസറുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സർക്കാർ നിർദേശിച്ചിട്ടുള്ള അവശ്യ സർവീസുകൾക്ക് മാത്രമേ രണ്ട് പഞ്ചായത്തുകളിലും പ്രവർത്തന അനുമതിയുള്ളൂ. അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ കർശനമായി അറസ്റ്റ് ചെയ്ത് നീക്കും. ബൈക്കുകളിൽ പൊലീസ് സംഘം പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വാങ്ങാനിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും കൈയിൽ സത്യവാങ്മൂലം കരുതുകയും വേണം. അടിയന്തര ആവശ്യത്തിനല്ലാതെ സത്യവാങ്മൂലവുമായി പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കും.