santhosh
സത്തോഷും മാതാവും

ചാത്തന്നൂർ: പരസഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ അരയ്ക്ക് താഴെ തളർന്ന് ദുരിതം അനുഭവിക്കുകയാണ് ചിറക്കര ഗ്രാമ പഞ്ചായത്തിൽ ഇടവട്ടം മണ്ഡപകുന്ന് കല്ലുംപുറത്ത് വീട്ടിൽ സന്തോഷ് ബാബു. അമ്മയുമൊത്ത് വാടക വീട്ടിലാണ് സന്തോഷ് ബാബു കഴിയുന്നത്. കൊവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആരംഭിച്ച സാമൂഹിക അടുക്കള വഴിയുള്ള ഭക്ഷണവും ഇവർക്ക് ലഭിക്കുന്നില്ല. രണ്ടു വർഷം മുൻപ് വീടിന്റെ ഷെയ്ഡിൽ നിന്ന് തെന്നി വീണാണ് പെയിന്റിംഗ് തൊഴിലാളിയായ സന്തോഷിന് അപകടം പറ്റിയത്. തുടർന്ന് മെഡിക്കൽ കോളേജിലെ മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിയപ്പോൾ പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുമായി ഭാര്യയും സന്തോഷിനെ ഉപേക്ഷിച്ചു പോയി. വീഴ്ചയിൽ നട്ടെല്ലിന് സംഭവിച്ച പരിക്ക് പൂർണമായും മാറണമെങ്കിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം. സുമനസുകൾ നൽകുന്ന സഹായത്താലാണ് ഇവർ കഴിയുന്നത്. പഞ്ചായത്തിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരു ആനുകൂല്യങ്ങളും നാളിതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായ ഇവർക്ക് ഉളിയനാട് പ്രഹരി ഗ്രന്ഥശാലയുടെ നേതൃത്ത്വത്തിൽ സ്നേഹാലയം തമ്പി, അനിൽ എൽ.പി, ജയൻ ഉളിയനാട്‌, രവീന്ദ്രൻ പിള്ള, രാജേഷ് മുല്ലശേരിയിൽ, ശ്രീകാന്തൻ ഗായത്രി എന്നിവർ ഒരുമാസത്തേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിക്കും പണവും കൈമാറിയിട്ടുണ്ട്.