കൊവിഡ് വിതച്ചുകൊണ്ടിരിക്കുന്ന ഭീതിയിൽ വീടുകളിലാണ് എല്ലാവരും, ഇതുപോലെ മനുഷ്യരാശിയെ ഭയപ്പെടുത്തിയ പല അനുഭവങ്ങളും മുൻപും വന്നുപോയിട്ടുണ്ട് പ്രകൃതി ക്ഷോഭങ്ങളുടെ രൂപത്തിൽ. അതുപോലെ മുൻപ് ജീവിതത്തിലുണ്ടായ അനുഭവം തുറന്നുപറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി സ്‌കൂൾപഠനം പൂർത്തിയാക്കിയതും വളർന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. 2001ലെ ഗുജറാത്ത് ഭൂകമ്പ സമയത്ത് നേരിട്ട അനുഭവമാണ് "എന്റെ ഓർമചെപ്പിൽ നിന്ന് "- എന്ന തലക്കെട്ടോടെ ഉണ്ണി മുകുന്ദൻ ഫേസ് ബുക്കിൽ കുറിച്ചത്. അക്കാലത്തെ ഉണ്ണിയുടെ ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്
"എന്റെ ഓർമ്മച്ചെപ്പിൽ നിന്ന്..."
വർഷം 2001... ജനുവരി 26, റിപ്പബ്ലിക്ക് ദിനം...
അന്ന് രാവിലെ സൈക്കിൾ എടുത്തു ഞാൻ എന്റെ അമ്മായിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. എന്റെ ഹീറോ ഡെവിൾ സൈക്കിളിലാണ് (2000 model) ഞാൻ അങ്ങോട്ട് പോയത്.
"വർഷം 2000... സെപ്റ്റംബർ 22, വൈകിട്ട് ആറു മണിക്ക് പിണങ്ങി കിടക്കുന്ന എന്നെ, അമ്മ പച്ചക്കറി മേടിക്കുവാൻ കൂടെക്കൂട്ടി. ഞങ്ങൾ അടുത്തുള്ള ലോക്കൽ മാർക്കറ്റ് വരെ നടന്നു. അവിടേക്കു എത്തണമെങ്കിൽ ഞാൻ സ്ഥിരം ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ട് വഴി ആണ് പോവേണ്ടത്. എന്റെ സുഹൃത്തുക്കൾ എന്നെ ക്രിക്കറ്റ് കളിക്കുവാൻ വിളിച്ചിട്ടു അന്ന് ഞാൻ പോയില്ലായിരുന്നു. എന്തായാലും ഒട്ടും താല്പര്യമില്ലാതെ അമ്മയുടെ കൂടെ ഞാന മാർക്കറ്റ് വരെ പോയി. പച്ചക്കറികൾ മേടിച്ചു, അമ്മ ഒരു ഓട്ടോറിക്ഷക്കാരനെ വിളിച്ചു. അയാളോട് 'ഖോഖര' എന്ന് അറിയപ്പെടുന്ന സ്ഥലംവരെ പോവാൻ പറഞ്ഞു. ഈ പറഞ്ഞ സ്ഥലത്താണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത്. എന്റെ പ്രഗതി ഇംഗിഷ് മീഡിയം സ്‌കൂളിൽ. ഒന്നും മനസിലാവാതെ അമ്മയോട് ഞാൻ ചോദിച്ചു, ' നമ്മൾ എന്തിനാണ് സ്‌കൂളിലേക്കു പോവുന്നത്'. 'അമ്മ ചിരിച്ചോണ്ട് ചോദിച്ചു, ' ഉണ്ണിക്ക് ഏതു സൈക്കിൾ ആണ് വേണ്ടത്.' ഇന്നും എനിക്ക് ആ നിമിഷങ്ങളും അമ്മയുടെ ചിരിയും അതേപോലെ ഓർമ്മയുണ്ട്. അന്നുണ്ടായ സന്തോഷം പിന്നീട് ഉണ്ടായിട്ടുണ്ടോന്നു അറിയില്യ... ആവേശത്തോടെ ഖോഖാറയിലുള്ള സൈക്കിൾ കടയിലേക്കു ഞാനും അമ്മയും കേറി. ആൺകുട്ടിയോൾ ഓടിക്കുന്ന സൈക്കിൾ മാത്രം കാണിച്ചാമതീന്നു ഞാൻ പറഞ്ഞു. നീല കളർ വേണമെന്നും ആവിശ്യപ്പെട്ടു. അങ്ങനെ നീല കളറുള്ള ഹീറോ കമ്പനിയുടെ ഡെവിൾ എന്നു പേരുള്ള സൈക്കിൾ ഞാൻ സ്വന്തമാക്കി.
സെപ്റ്റംബർ 22, എന്റെ പിറന്നാൾ ദിവസം കൂടി ആണ്. ഹൈസ്‌കൂളിൽ ഓട്ടോറിക്ഷയിൽ പോയാൽ കുട്ട്യോൾ കളിയാക്കുമെന്നു അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, പോരാത്തതിന് എന്റെ ഏറ്റവും അടുത്ത സുഹൃത്തു പുതിയ സൈക്കിൾ മേടിച്ചിരിന്നു... പിറന്നാൾ ആയിട്ടും 'അമ്മ രാവിലെ മുതൽ ഇതിനെക്കുറിച്ചു ഒന്നും പറയാത്തതുകൊണ്ടാണ് ഞാൻ പിണങ്ങി ഇരുന്നത്. അങ്ങനെ പുതിയ സൈക്കിളും എടുത്തു ഞാൻ വീട്ടിൽ എത്തി. സൈക്കിൾ മോഷണം കൂടുതല്‍ ആയതിനാല്‍ ചേച്ചിയുടെ സൈക്കിള്‍ എടുത്തു രണ്ടാം നിലയില്‍ വെയ്ക്കുന്നത് പോലെ എന്റെയും എടുത്തു വെച്ചു. പണ്ട് സൈക്കിള്‍ ഇല്ലാത്തോണ്ട് വാശിയോടെ നട്ടുച്ചയ്ക്ക് സൈക്കിള്‍ ചവിട്ടി റൗണ്ടടിക്കണമെന്നു പറഞ്ഞു ഒറ്റയ്ക്ക് ചേച്ചിയുടെ ലേഡി ബേര്‍ഡ് സൈക്കിള്‍ താഴോട്ടു എടുക്കാന്‍ നോക്കിയപ്പോള്‍ ഞാനും സൈക്കിളും ഒരുമിച്ചു താഴെ വീണിട്ടുണ്ട്. കൈയ്യില്‍ ഇപ്പോഴും അന്നുകിട്ടിയ സ്റ്റിച്ചിന്റെ മാര്‍ക്ക് ഉണ്ട്. അങ്ങനെ, രാത്രിവരെ സുഹൃത്തുക്കളോടു പുതിയ സൈക്കിളിന്റെ വിശേഷവും പറഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ അത് ശ്രിദ്ധിച്ചത്. ഞാന്‍ മേടിച്ചത് പെണ്‍കുട്ടിയോള്‍ ഓടിക്കുന്ന ഡിസൈനുള്ള സൈക്കിള്‍ ആയിരുന്നെന്ന്. സൈക്കിള്‍ കിട്ടിയ ആ സന്തോഷ നിമിഷത്തില്‍ എല്ലാം മറന്നു.)
"ഈ പറഞ്ഞ ഡെവിള്‍ സൈക്കിളിലാണ് ഞാന്‍ അമ്മായിയുടെ വീട്ടിലേക്കു പോയത്. പുതിയ വാടക വീട്ടിലേക്കു മാറുന്ന ദിവസം ആയതുകൊണ്ടാണ് അമ്മ എന്നോട് ചപ്പാത്തിയും കറിയും കൊണ്ട് പോയി കൊടുക്കാന്‍ പറഞ്ഞിരുന്നു. തിരിച്ചു വരുന്നവഴി ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിലേക്ക് ഞാന്‍ സൈക്കിള്‍ തിരിച്ചു... അതുവഴി വീട്ടിലേക്കു എത്താന്‍ എളുപ്പമാണ്. ജനുവരി 26 ആയതുകൊണ്ട് സ്‌കൂളിലെ ഫങ്ക്ഷന് അറ്റന്‍ഡ് ചെയാത്ത എന്നെ പോലെ ക്രിക്കറ്റ് കളിക്കുന്ന കുറെ പിള്ളേരുണ്ടാരുന്നു. അവരോടു കൈയ്യിലുള്ള പാത്രം വീട്ടില്‍ കൊണ്ട് വെച്ചിട്ടു വരാമെന്നു പറഞ്ഞു ഞാന്‍ സൈക്കിള്‍ വീട്ടിലോട്ടു വിട്ടു.
പെട്ടന്ന് സൈക്കിള്‍ എവിടെയൊ തട്ടി ഞാന്‍ താഴെ വീണു. പച്ചക്കറി മാര്‍ക്കറ്റ് ആയതുകൊണ്ട് ആ പരിസരത്തു എപ്പോഴും പശുക്കളും, പട്ടികളും പിന്നെ പന്നികളും ഉണ്ടാവാറുണ്ട്. എന്നാല്‍ വരുന്ന വര്‍ഷങ്ങളില്‍ പന്നികളുടെ എണ്ണം വളരെ കുറഞ്ഞു പിന്നെ അവരെ കാണാതെയായി. എന്തായാലും, താഴെ വീണു കിടക്കുന്ന ഞാന്‍ ഇവയെല്ലാം എന്റെ അടുത്തുകൂടെ പ്രാന്തുപിടിച്ചു ഓടുന്നതുകണ്ടിട്ടു ഞാന്‍ പേടിച്ചു പോയി... എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞാന്‍ വീട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളും അവരുടെ ക്രിക്കറ്റ് കളി ആരംഭിച്ചു. വീടിന്റെ അടുത്ത് എത്തിയപ്പോഴാണ് ഞാന്‍ ആ മറക്കാനാവാത്ത ദൃശ്യം കണ്ടത്. എന്റെ 'അമ്മ, ചേച്ചി പിന്നെ അവിടത്തെ നാല് ഫ്‌ലാറ്റിലുള്ള കുടുബാംഗങ്ങളും എല്ലാവരും താഴെ പേടിച്ചു വിയര്‍ത്തു കൂട്ടംകൂടി നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്.
വര്‍ഷം 2001, ജനുവരി 26, ഏകദേശം 8:45am, ഗുജറാത്തില്‍ 7.7 മാഗ്‌നിറ്റുഡില്‍ ഭൂകമ്പമാണ് ഞങ്ങള്‍ എല്ലാവരും അനുഭവിച്ചത്. മൃഗങ്ങള്‍ പ്രാന്തുപിടിച്ചു ഓടിയത് വരാന്‍ പോവുന്ന ആപത്തിനെ കുറിച്ചുള്ള അവബോധം കൊണ്ടാവാം. പിന്നീട് കുറേ തവണ ഭൂകമ്പം വന്നു. ചുറ്റും നാശനഷ്ടങ്ങളും മരണങ്ങളും ആണ് കണ്ടത്. അന്നൊക്കെ ജനുവരി മാസങ്ങളില്‍ ഗുജറാത്തില്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഭൂകമ്പത്തെ പേടിച്ചു ഗവണ്മെന്റ് പണിത പഴേ ഫ്‌ലാറ്റിന്റെ താഴെ ടെന്റ് കെട്ടിയിടത്താണ് ഞങ്ങള്‍ എല്ലാവരും പിന്നീട് ദിവസങ്ങള്‍ കഴിച്ചുകൂടിയത്. അച്ഛന്‍ യെമെനില്‍ ജോലി ചെയ്യുന്ന സമയം ആയതുകൊണ്ടു നിരന്തരം അച്ഛന്റെ ടെന്‍ഷന്‍ പിടിച്ച ഫോണ്‍ വരും, ഞങ്ങളുടെ അവസ്ഥ അറിയാന്‍. ന്യൂസില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രെയും ഭീകരമായിരുന്നല്ലോ. രാത്രികള്‍ വളരെ അധികം നിശബ്ദമായതിനാല്‍ രണ്ടാം നിലയില്‍ അടിക്കുന്ന ഫോണിന്റെ ശബ്ദം താഴെ ടെന്റില്‍ വരെ കേള്‍ക്കാം. അമ്മ അപ്പൊ ഓടി ചെന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്യും. ഒരു ഉച്ച നേരത്തു ഭൂമി കുലുങ്ങിയപ്പോ സ്റ്റെയര്‍ കേസിലൂടെ ഓടി താഴെ എത്തിയത് ഞാന്‍ ഭീതിയോടെ ഇന്നും ഓര്‍ക്കുന്നു... മരണം ഇങ്ങനെ ഒക്കെ ആവോ എന്ന് വിചാരിച്ചിട്ടുണ്ട്. അവസ്ഥകള്‍ വളരെയധികം മോശമായതുകൊണ്ടു അച്ഛന്‍ ഞങ്ങളോട് ഇന്‍ഡോര്‍ മധ്യപ്രദേശിലുള്ള എന്റെ ഒരു ചെറിയച്ഛന്റെ വീട്ടിലേക്കു പോവാന്‍ പറഞ്ഞു. ഞാനും ചേച്ചിയും അമ്മയും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസില്‍ അന്ന് രാത്രിതന്നെ പോയി.
മാസങ്ങള്‍ക്കു ശേഷം തിരിച്ചു അഹമ്മദാബാദിലേക്കു വന്നു. പഴയ ഗവണ്മെന്റ് ഫ്ളാറ്റ് ആണെങ്കിലും ഭുകമ്പത്തിൽ അത് ഇടിഞ്ഞു പോയില്യ. വീട് പോയാല്‍ എന്തു ചെയ്യുമെന്ന് ആയിരിന്നു അച്ഛന്റെയും അമ്മടെയും ഏറ്റവും വലിയെ പേടി. എന്നാല്‍, എല്ലാം നഷ്ടപെട്ട ആ നാടിനെ മാസങ്ങള്‍ക്കുശേഷം കണ്ടപ്പോ എനിക്ക് പറയാനാവാത്ത വിഷമം തോന്നി... എവിടെനോക്കിയാലും അവശിഷ്ടങ്ങള്‍ മാത്രം. നഷ്ടങ്ങളുടെയും മരണങ്ങളുടെയും വര്‍ത്തകള്‍ കേട്ട് കുറെ മാസങ്ങള്‍ വീട്ടില്‍ത്തന്നെ ഇരുന്നിരിന്നു. സ്‌കൂള്‍ എക്‌സാംസ് എഴുതാതെയാണ് അടുത്ത ക്ലാസിലേക്കു എത്തിയത്...
വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെയും ഇങ്ങനെ നഷ്ടങ്ങളുടെയും മരണങ്ങളുടെയും വര്‍ത്തകള്‍ കേട്ട് വീട്ടിലിരിക്കുമ്പോ... 19 വര്‍ഷങ്ങള്‍ പിന്നോട്ട് പോയ പോലെ തോന്നി...അന്ന് ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കുമെന്നു ഓര്‍ത്തു ഞാന്‍ പേടിച്ചിരുന്നു... എന്നാല്‍, ദൈവാനുഗ്രഹത്താല്‍ ജീവിതം വളരെ അധികം മെച്ചപ്പെടുകയായിരുന്നു... ആ നാടിന്റെയും, എന്റെ കുടുംബത്തിന്റെയും പിന്നെ എന്റെയും...ഈ കൊറോണ കാലവും മാറും. നമ്മള്‍ പൂര്‍വാധികം ശക്തിയോടെ അതിജീവിക്കുകയും ചെയ്യും.
Love,
Unni Mukundan
NB: 2003 ഇല്‍ ഞാന്‍ ഡെവിള്‍ സൈക്കിള്‍ മാറ്റി പിന്നെ ഒരു ത്രില്ലെര്‍ സൈക്കിള്‍ മേടിച്ചു.. നീല കളര്‍ പക്ഷെ ആണ്‍ കുട്ടിയോള്‍ ഓടിക്കുന്ന നോക്കി എടുത്തു. ഡെവിള്‍ സൈക്കിള്‍ അച്ഛന്റെ സുഹൃത്തിന്റെ മകന് കൊടുത്തു.