dq

ലോക്ക്ഡൗണ്‍ കാലത്ത് ട്വിറ്ററിലൂടെ സെലിബ്രിറ്റികൾ ഒന്നടങ്കം ഏറ്റെടുത്ത ഒന്നാണ് 'ബി ദ് റിയല്‍ മാന്‍' ചലഞ്ച്. തെലുങ്ക് ചിത്രം " അര്‍ജുന്‍ റെഡ്ഡി"യുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിവച്ച ചലഞ്ച് ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനില്‍ എത്തി നില്‍ക്കുകയാണ്. നടന്‍ വിജയ് ദേവരക്കൊണ്ടയാണ് ദുൽഖറിന് ചലഞ്ച് മുഴക്കിയിരിക്കുന്നത്. മലയാളികൾ ദുൽഖറിനെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞിക്ക. വിജയ് ദുൽഖറിനെ അഭിസംബോധന ചെയ്തിരിക്കുന്നതും കുഞ്ഞിക്ക എന്ന പേരിലാണ്.

വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് വിജയ് ചലഞ്ച് പൂര്‍ത്തിയാക്കിയത്. കുടുംബത്തോടൊപ്പം സമയം ചെലവിടുകയും അവര്‍ക്കായി മാങ്ങ ഐസ്‌ക്രീം ഉണ്ടാക്കുകയും ചെയ്യുന്ന താരത്തെ വിഡിയോയില്‍ കാണാം.

'എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളിലെ ചില ഭാഗങ്ങള്‍' , എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്. വിഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച ആനന്ദ് ദേവരകോണ്ടയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട്. സംവിധായകന്‍ കൊരാട്ടല ശിവയുടെ വെല്ലുവിളി സ്വീകരിച്ചാണ് വിജയ് വിഡിയോ പങ്കുവച്ചത്. 'ഇനി ഇതിനായി കുഞ്ഞിക്കയെ ക്ഷണിക്കുന്നു' എന്നും ദുല്‍ഖറിനെ ടാ​ഗ് ചെയ്ത് താരം കുറിച്ചു.

വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ചലഞ്ച്. സംവിധായകന്‍ എസ്‌എസ് രാജമൗലി അടക്കമുള്ളവര്‍ ഇതേ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. എന്നാൽ ചലഞ്ചിന് മുൻപേ തന്നെ ദുൽഖർ വീട്ടിലുള്ളവരെ സഹായിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മയോടൊപ്പം അടുക്കളയിൽ പച്ചക്കറി അരിയുന്നതും പറമ്പിലെ അരിനെല്ലിക്ക ശേഖരിച്ച് വച്ചിരിക്കുന്ന ചിത്രങ്ങളും മകളോടൊപ്പമുള്ള കുസൃതികളും ഇതിൽ പെടും.