pic

കൊല്ലം: പത്തനാപുരത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു നിന്ന് തേക്കിൻതടി മുറിച്ചുകടത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാകും. മുൻപും തടികൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നാണ് സൂചന. പത്തനാപുരം ഫോറസ്റ്റ് റേഞ്ചിൽ കടയ്ക്കാമൺ ശിവൻപാറ ഭാഗത്തു നിന്നാണ് തേക്കിൻ തടി മോഷണം പോയത്.കരിമ്പാലൂർ തെങ്ങുംതറപുരയിടത്തിൽ ഹനീഫ(58), മകൻ അംജദ്ഖാൻ(21) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്. വനഭൂമിയിൽ ഉണങ്ങി നിന്നിരുന്നതും നിലത്തുവീണതുമായ തടികളാണ് ഇവർ മുറിച്ചുകടത്തുകയായിരുന്നു. വനംവകുപ്പിലെ ഫീൽഡ് സ്റ്റാഫിന്റെ പരിശോധനയിൽ തടികൾ കടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

സഹായികളായ മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ . പ്രതികളുടെ വീട്ടിൽ നിന്നും തടികൾ കണ്ടെത്തി. കുറച്ച് ഭാഗം വനഭൂമിയിൽത്തന്നെ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണ് വിവരം. ലോക് ഡൗണിന് മുൻപും ഇവർ മരം മുറിച്ചുകടത്തിയിട്ടുണ്ടെന്ന സൂചനകൾ ഉള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തും. പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. അനീഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിസാം, ഫ്ലൈയിംഗ് സ്‌ക്വാഡ് ആർ.എഫ്.ഒ അജികുമാർ, ബി. സുന്ദരൻ, എൻ. കനകരാജ്, ശരണ്യകൃഷ്ണൻ, സന്ധ്യ, മഹേഷ്, പ്രസന്നൻ, രാജേന്ദ്രബാബു, ജയൻ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തൊണ്ടിസഹിതം പ്രതികളെ പിടികൂടിയത്.