കൊല്ലം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിലൂടെ ദുരിതത്തിലായി പഞ്ചായത്ത് ഡ്രൈവർമാർ. തുച്ഛമായ ശമ്പളത്തിൽ നിന്ന് തുക പിടിക്കുന്നതിലൂടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്ന ഭീതിയിലാണ് ഇവർ. ജോലിക്ക് പ്രവേശിച്ച് രണ്ട് വർഷമായ ഒരു ഡ്രൈവർക്ക് അലവൻസുകൾ ഉൾപ്പെടെ 23,400 രൂപയാണ് ലഭിക്കുന്നത്. ഇതിൽ നിന്ന് കോൺട്രിബ്യൂട്ടറി പെൻഷൻ, ജി.ഐ.എസ്, കെ.പി.ഇ.പി.എഫ്, എസ്.എൽ.ഐ എന്നീ ഇനങ്ങളിൽ 5120 രൂപ പിടിത്തം കഴിഞ്ഞ് ഒരു മാസം 18,280 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ നിന്ന് സാലറി ചലഞ്ചിലൂടെ 4680 രൂപ കൂടി പിടിച്ചാൽ ബാക്കി ലഭിക്കുന്ന തുകയിൽ ജീവിത ചെലവുകൾ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ഇവർ.
പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ മിക്കവരും ജോലിക്ക് ഹാജരാകുന്നതിനായി യാത്രാ ചെലവിനായി മാസം 3000 രൂപയോളം ചെലവാക്കേണ്ടി വരുന്നുണ്ട്. അവശ്യസാധനങ്ങൾക്ക് വില കൂടുന്ന സാഹചര്യം കൂടി പരിഗണിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.