കൊറോണ വൈറസ് പടരുന്നത് തടയാൻ സാമൂഹ്യ അകലം പാലിക്കുക എന്നത് പ്രധാനപ്പെട്ട കരുതലുകളിലൊന്നാണ്. അങ്ങനെ സാമൂഹിക അകലം പാലിക്കാൻ ഒരു ഓട്ടോക്കാരൻ കണ്ടുപിടിച്ച ആശയത്തെ പ്രശംസിക്കുകയാണ് വാഹന വിപണിയിലെ പ്രഗത്ഭനായ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സോഷ്യൽ മീഡിയയിൽ നിന്നും കണ്ടെത്തുന്ന വിവരങ്ങളേയും ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കാത്ത ആളാണ് ആനന്ദ് മഹീന്ദ്ര. ഇപ്പോൾ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയിൽ വരുത്തിയ മാറ്റങ്ങളുടെ വീഡിയോയാണ്.
കൊറോണ വൈറസ് രാജ്യമാകെ പടരുന്ന സാഹചര്യത്തിൽ എങ്ങനെ പരമാവധി സുരക്ഷിതമായി യാത്ര ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഈ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ഡ്രൈവർ തന്റെ റിക്ഷ കമ്പാർട്ടുമെന്റുകളായി തിരിച്ചിരിക്കുകയാണ്. വാഹനത്തിൽ കയറുന്ന യാത്രികർക്ക് പരസ്പരം സമ്പർക്കമുണ്ടാവുന്നത് ഇല്ലാതാവും എന്ന് മാത്രമല്ല, ഓട്ടോ ഡ്രൈവറുടെ ചേംബറും യാത്രക്കാരുടെ ചേംബറും തമ്മിലും ഈ വേർതിരിവുണ്ട്. തങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാറാനും കണ്ടെത്തലുകൾ നടത്താനുമുള്ള മനുഷ്യരുടെ ശേഷി എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.