c
ഇന്നലെ മുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നെങ്കിലും പൊലീസിന്റെ കർശന പരിശോധന തുടരുകയാണ്. മേവറം ജംഗ്ഷനിൽ നിന്നുള്ള കാഴ്ച

 ഹോട്ട് സ്‌പോട്ടുകളിൽ ഇളവില്ല

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഇളവിൽ ജില്ലയിലെ പൊതുഇടങ്ങൾ സാവധാനം സജീവമായി തുടങ്ങുന്നു. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഇന്നലെ നിരത്തുകളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടു. ചെറുകിട വസ്ത്രവ്യാപാര ശാലകൾ, ഫാൻസി കടകൾ, ചെരുപ്പ് കടകൾ തുടങ്ങി വിപണന കേന്ദ്രങ്ങൾ മിക്കതും തുറന്നു.

അവശ്യസാധനങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകളിലൊഴിച്ച് മറ്റ് വ്യാപാര കേന്ദ്രങ്ങളിലെങ്ങും തിരക്ക് അനുഭവപ്പെട്ടില്ല. ബസ് - ആട്ടോ - ടാക്‌സി സർവീസുകൾ ആരംഭിച്ചിട്ടില്ലെന്നതൊഴിച്ചാൽ പൊതുജീവിതം ഏതാണ്ട് പഴയ തരത്തിലേക്ക് തിരികെ മടങ്ങുകയാണ്.

ഇതിനിടെ കടകൾ തുറക്കാമെന്ന നിർദേശം വിശ്വസിച്ച് പ്രവർത്തിച്ച കടകൾ പൊലീസ് അടപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ശക്തികുളങ്ങര, കരുനാഗപ്പള്ളി, അഞ്ചൽ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലെ ചെറിയ ചെരുപ്പ് കടകൾ, തുണിക്കടകൾ, തടി ഉരുപ്പടികളുടെ വിൽപ്പന ശാലകൾ എന്നിവയാണ് പൊലീസ് ഇടപെട്ട് അടപ്പിച്ചത്.

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന തുടരുകയാണ്. യാത്രയുടെ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം കൈയിൽ കരുതാത്തവരെ അറസ്റ്റ് ചെയ്‌ത് വാഹനം പിടിച്ചെടുക്കുന്നുണ്ട്.

ഒൻപതിടങ്ങൾ പൊലീസ് വലയത്തിൽ

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിലെ കുളത്തൂപ്പുഴയും പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന പോരുവഴി -ശാസ്‌താംകോട്ട മേഖലകളും ചാത്തന്നൂരും ഉൾപ്പെടെ ഒൻപതിടങ്ങളാണ് ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ. ഒരുതരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും ഈ മേഖലകളിൽ ബാധകമല്ല. വഴികളെല്ലാം പൊലീസ് നിയന്ത്രണത്തിലാണ്. അത്യാവശ്യ കാരണങ്ങൾക്കല്ലാതെ ഒരാളെയും ഹോട്ട് സ്പോട്ട് മേഖലകളിലൂടെ കടത്തിവിടില്ല.

സർക്കാർ ഓഫീസുകൾ തുറന്നു

ഹോട്ട് സ്പോട്ടുകൾക്ക് പുറത്തുള്ള എല്ലാ സർക്കാർ ഓഫീസുകളും ഇന്നലെ തുറന്ന് പ്രവർത്തിച്ചു. വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങളും ഓഫീസുകളിലെത്തുന്നുണ്ട്. അവശ്യസർവീസുകളുടെ വിഭാഗത്തിൽ പെടാത്ത ഓഫീസുകൾ 35 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിപ്പിക്കാനായിരുന്നു നിർദേശം. മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് താമസ സൗകര്യങ്ങൾ വകുപ്പുകളുടെ നേതൃത്വത്തിൽ ഉറപ്പ് വരുത്തിയിരുന്നു.

................................

ഇളവുകളിൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ

1. പൊതുഇടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം

2. വ്യാപാര കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം വേണം

3. ഉപഭോക്താക്കൾ തമ്മിൽ ഒരു മീറ്ററിലേറെ അകലം ഉറപ്പുവരുത്തണം

4. നിരന്തരം കൈകൾ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക

5. മാസ്‌ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്‌ക്കുക

6. വാഹനങ്ങളുമായി പുറത്തിറങ്ങുമ്പോൾ സത്യവാങ്മൂലം കരുതുക

'പാകമാകാതെ' ഹോട്ടൽ പ്രവർത്തനം

ഹോട്ടലുകളിൽ രാത്രിവരെ പാഴ്സൽ നൽകുന്നതിന് തടസമില്ലെന്ന് സർക്കാർ നിർദേശം വന്നെങ്കിലും ഒരിടത്തും പ്രവർത്തനം സജീവമായിട്ടില്ല. ജനജീവിതം സാധാരണ നിലയിൽ എത്തുന്നതോടെ മാത്രമേ ഹോട്ടലുകളും പഴയ തിരക്കിലേക്ക് മാറുകയുള്ളൂ. ഭൂരിപക്ഷം ഭക്ഷണശാലകളും ജില്ലയിൽ അടഞ്ഞുകിടക്കുകയാണ്. ഫോൺ ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ വീടുകളിലും ഓഫീസുകളിലും

കാറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകളും ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്.

''

പൊതുഇടങ്ങളിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം. എല്ലാ പ്രവർത്തനങ്ങളിലും ജാഗ്രത വേണം. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

ബി.അബ്‌ദുൽ നാസർ

ജില്ലാ കളക്ടർ

...........................................