പുനലൂർ: ലോക്ക്ഡൗണിനെ തുടർന്ന് സർവീസ് നിറുത്തിവച്ചിരുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ നിരത്തിലിറങ്ങാൻ തയ്യാർ. ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ബസുകൾ മിനുക്ക് പണിയിലാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ബാറ്ററികളുടെ പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്.
ദീർഘദൂര സർവീസുകൾ ഉൾപ്പടെ 70 ബസുകളാണ് പുനലൂർ ഡിപ്പോയിൽ ഉള്ളത്. ഇവയാണ് ഒന്നരമാസമായി സ്റ്റാൻഡിൽ ഒതുക്കിയിട്ടിരിക്കുന്നത്. ജീവനക്കാരുടെ നേതൃത്വത്തിൽ ഇവ പരിശോധിച്ച് വരികയാണ്. എന്നാൽ ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും അറിയിപ്പുകൾ ഉണ്ടായിട്ടില്ല. എന്നിരുന്നാലും സർവീസ് പുനരാരംഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന് വേണ്ട മുന്നൊരുക്കമാണ് ഡിപ്പോയിൽ നടക്കുന്നത്. നാളുകളായി ഒതുക്കിയിട്ടിരിക്കുന്ന ബസുകളിൽ നിരവധി തകരാറുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ബാറ്ററികളുടെ ചാർജ്ജ് നഷ്ടമാകുന്നതാണ് ഇതിൽ പ്രധാനം. ഇത് ഉൾപ്പടെയാണ് പരിഹരിക്കുന്നത്.
പ്രവർത്തനങ്ങൾ ഇങ്ങനെ
1. വാഹനങ്ങളുടെ ബാറ്രറി പരിശോധന
2. ആവശ്യമുള്ള ബാറ്ററികൾ ചാർജ്ജ് ചെയ്യൽ
3. ബ്രേക്ക്, ക്ളച്ച് എന്നിവയുടെ പരിശോധന
4. 2ദിവസം കൂടുമ്പോൾ സ്റ്റാർട്ട് ചെയ്യും
...............................................
ഇന്നലെയും മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാർ എത്തി ബസുകളുടെ പരിശോധനകൾ നടത്തിയിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടൻ സർവീസ് നടത്താൻ ബസുകൾ സജ്ജമാക്കിയിരുക്കുകയാണ്. (വി.വി.ഗിരി, കെ.എസ്.ആർ.ടിസി, കൺട്രോളിംഗ് ഇൻസ്പെക്ടർ, പുനലൂർ).