photo

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ നെല്ലറയായ മാരൂർത്താഴെ പാടശേഖരത്തിന് ചരമഗീതം. ലോക്ക് ഡൗൺ മറയാക്കി നിലം നികത്തൽ തകൃതിയായി നടക്കുകയാണ്. പാടശേഖരത്തിന്റെ തെക്കേഅറ്റത്ത് തെങ്ങിൻ തൈകൾ നടുന്നതിനായി മണ്ണിട്ട് ഉയർത്തി. പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ശ്രദ്ധ വാഹന പരിശോധനയിലും സാമൂഹിക അടുക്കളയുടെ നടത്തിപ്പിലേക്കും മാറിയതോടെയാണ് നിലം നികത്തൽ വ്യാപകമായത്. ഓരോ വേനൽ പിന്നിടുമ്പോഴും പാടത്തിന്റെ വിസ്തൃതി കുറഞ്ഞു വരുകയാണ്.
മാരൂർത്താഴെ പാടത്തിൽ വർഷത്തിൽ രണ്ട് നെൽക്കൃഷിയും ഒരു എള്ളുകൃഷിയുമാണ് നടത്തിയിരുന്നത്. ഇന്നത് നെൽക്കൃഷി മാത്രമായി ഒതുങ്ങി. നിലംനികത്തുന്ന വിവരം ജനകീയ പാടശേഖര സമിതിയും കൃഷി ഭവനും വില്ലേജ് ഓഫീസിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് പരാതി.

വിസ്തൃതി കുറയുന്നു

മുമ്പ് പാടശേഖരത്തിന്റെ വിസ്തൃതി 25 ഏക്കർ ആയിരുന്നു. നിലം നികത്തൽ വ്യാപകമായതോടെ ഇത് 15 ഏക്കറായി കുറഞ്ഞു. ഈ നില തുടർന്നാൽ വർഷങ്ങൾക്കുള്ളിൽ പാടശേഖരം ഓർമ്മ മാത്രമാകും. ഇതിനെതിരെ റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഉണ്ടാകണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം.

വിത്തിടീൽ പൂർത്തിയാക്കി

ഒരു വശത്ത് നിലം നികത്തുമ്പോൾ മറുഭാഗത്ത് ജനകീയ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ വിത്തിടീൽ പൂർത്തിയാക്കി. പാടത്തിന്റെ ആകെ വിസ്തൃതിയുടെ 5 ഏക്കർ സ്ഥലത്ത് ചെറാടിയും 10 ഏക്കർ സ്ഥലത്ത് ഉമ വിത്തുമാണ് വിതച്ചത്. ചെറാടി പരമ്പരാഗത വിത്താണ്. വർഷങ്ങൾക്ക് ശേഷമാണ് ഈ വിത്ത് ഇവിടെ വിതയ്ക്കുന്നത്.

മുമ്പുണ്ടായിരുന്ന വിസ്തൃതി: 25 ഏക്കർ

പാടശേഖരസമിതിയിൽ: 25 കർഷകർ

ഇപ്പോൾ: 15 ഏക്കറായി ചുരുങ്ങി

 10 ഏക്കറിൽ ഉമ വിത്തിന്റെ കൃഷി

5 ഏക്കറിൽ ചെറാടി നെൽവിത്ത്

............................................

ഏത് കാലാവസ്ഥയിലും ചെറാടി വിത്ത് വിളയും. ഉമ വിത്ത് കൊയ്ത്തിന് പാകമാകാൻ 100 ദിവസം എടുക്കുമ്പോൾ ചെറാടി വിത്ത് വിളവെടുപ്പിന് പാകമാകണമെങ്കിൽ 250 ദിവസം വേണ്ടി വരും. ഉമ വിത്തിന്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്താൻ കഴിയും.

വി.ആർ. ബിനേഷ്, കൃഷി ഓഫീസർ

............................................................

ലോക്ക് ഡൗണിന്റെ മറവിൽ വ്യാപക നിലം നികത്തലാണ് നടക്കുന്നത്. ഈ വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടകൾ ഉണ്ടാകുന്നില്ല. നിലവിൽ 15 ഏക്കർ സ്ഥലത്താണ് നെൽക്കൃഷി ചെയ്യുന്നത്.ഇതിലൂടെ ഓണത്തിന് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും കുത്തരി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

അശോകൻ, പാടശേഖര സമിതി കൺവീനർ