dam

പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് വൈറസ് ബാധ വ്യാപകമായതോടൊപ്പം അതിർത്തിയിലെ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞയും വന്നതോടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ പ്രതിസന്ധിയിൽ. കൂലിവേലക്കാരും കർഷകരുമാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്. ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലാണ് ദിവസങ്ങളായി നിരോധാനാജ്ഞ നിലനിൽക്കുന്നത്. കുളത്തൂപ്പുഴയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്താകെ അടച്ചുപൂട്ടിയിരിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലും എല്ലാ പ്രവർത്തനങ്ങളും നിലച്ചതോടെ തൊഴിലാളികൾ ദുരിതത്തിലായി.

കൂടാതെ ചെറുകിട റബർ തോട്ടം ഉടമകൾ, കർഷകർ, ടാപ്പിംഗ് തൊഴിലാളികൾ തുടങ്ങിയവരും കടുത്ത വെല്ലുവിളി നേരിടുന്നു. സാധാരണ വേനൽ മഴയ്ക്ക് ശേഷമാണ് സാധാരണ നിലയിൽ റബർ ടാപ്പിംഗ് ആരംഭിക്കുന്നത്. റബർ ഷീറ്റുകൾ ശേഖരിക്കുന്നതിന് വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ടാപ്പിംഗ് നടത്താൻ തൊഴിലാളികൾ മിനക്കെുന്നില്ല.

കർഷക വിപണിയും തകർന്നു

മലയോരമേഖലയിലെ ഏറ്റവും വലിയ കാർഷിക വിപണിയാണ് തെന്മല, ആര്യങ്കാവ് പഞ്ചയത്തു പ്രദേശങ്ങൾ. പ്രദേശത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ വിറ്റഴിക്കാൻ കഴിയാതായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെറ്റില, മരച്ചീനി, ഏത്തക്കുല, നാടൻ വാഴക്കുലകൾ, നാളികേരം, ഏലം, ഗ്രാമ്പൂ, അടയ്ക്ക തുടങ്ങിയ വിളകളാണ് നശിക്കുന്നത്. പലരും ബാങ്ക് വായ്പകളെടുത്താണ് കൃഷിയിറക്കിയത്. അതിനാൽ വലിയ കടക്കെണിയിലേക്കാണ് പല കർഷകരും പോകുന്നത്.

ജനങ്ങൾ പട്ടിണിയിൽ

സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനും വാഹനങ്ങൾക്ക് സർവീസ് നടത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സാധാരണക്കാർ കൊടും പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഇവർക്ക് സർക്കാർ സൗജന്യമായി നൽകിയ 15കിലോ റേഷൻ അരി തീർന്നിട്ട് ഒരാഴ്ച പിന്നിട്ടു. മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവരാണ് ഏറെയും. നിരോധനാജ്ഞ പിൻവലിക്കുന്നതും നോക്കിയിരിക്കുകയാണ് മലയോരവാസികൾ.