പത്തനാപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനാപുരത്ത് സംയുക്ത അവലോകന യോഗം നടന്നു. സർക്കാർ നിയന്ത്രണത്തിൽ പൊതുമാർക്കറ്റുകളിൽ എത്തിക്കുന്ന സാധനങ്ങൾ കച്ചവടം നടത്താൻ പഞ്ചായത്തോ പൊലീസോ ആരോഗ്യ വകുപ്പോ നൽകുന്ന ഫോട്ടോ പതിച്ച പാസ് നിർബന്ധമാക്കാൻ തീരുമാനമായി. വാർഡ് തലത്തിൽ പഞ്ചായത്ത് അംഗത്തിന്റെ അദ്ധ്യക്ഷതയിൽ സാനിറ്റേഷൻ കമ്മിറ്റി രൂപികരിച്ച് തമിഴ്‌നാട്ടിൽ നിന്ന് വരുന്നവരെ കണ്ടെത്തും. തമിഴ്‌നാട്ടിൽ പോയി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഹോം ക്വാറന്റൈനിൽ ആയിരിക്കണം.
കശുഅണ്ടി ഫാക്ടറികളിലെ തോട്ടം മേഖലയിലെ തൊഴിലാളികർക്കും മാസ്ക്, കൈയ്യുറ, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പ്രാബല്യത്തിൽ വരുത്തും. ഫാമിംഗ് കോർപ്പറേഷന്റെ കളക്ഷൻ പോയിന്റുകളിൽ നിയന്ത്രണം വരുത്താൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകും. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുന്ന അന്യദേശക്കാരെ മേഖലയിലെ അനാഥാലയങ്ങളിൽ പ്രവേശിപ്പിക്കരുത്. നിയന്ത്രണങ്ങൾ ലംഘിക്കുകയും പാസില്ലാതെ തമിഴ്‌നാട്ടിൽ പോയി വരികയും ചെയ്താൽ കർശനനടപടി സ്വീകരിക്കണമെന്നും കെ.ബി.ഗണേശ്കുമാർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
ആർ.ഡി.ഒ ബി. ശശികുമാർ, ജില്ലാപഞ്ചായത്തംഗം എസ്. വേണുഗോപാൽ, തഹസിൽദാർ കെ.ആർ. മിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സജീവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്. നജീബ് മുഹമ്മദ്, ലതാ സോമരാജൻ, അജി മോഹൻ,പത്തനാപുരം സി.ഐ രാജീവ്, മെഡിക്കൽ ഓഫീസർ ഹനീസ്, വിവധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.