എഴുകോൺ: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും എഴുകോൺ, കരീപ്ര പഞ്ചായത്തുകളിൽ കനത്ത നാശം.
മരങ്ങൾ കടപുഴകിവീണും കാറ്റിൽ മേൽക്കൂര പറന്നുപോയും നിരവധി വീടുകളാണ് നശിച്ചത്. വിവധ കാർഷിക വിളകളും നശിച്ചു. 11 കെ.വി ലൈൻ ഉൾപ്പടെ വൈദ്യുതി പോസ്റ്റുകൾ ഓടിയികയും കമ്പികൾ പൊട്ടി വീഴുകയും ചെയ്തതോടെ വൈദ്യുതി വിതരണവും നിലച്ചു.
എഴുകോൺ പഞ്ചായത്തിൽ ഇടയ്ക്കിടം, മാവില, ആശാൻ മുക്ക്, കല്ലാർ, അറുപറക്കോണം, എഴുകോൺ ജെ.ടി.എസ്, തുണ്ടിൽ, കോട്ടായിക്കോണം, കരിപ്പുറം, കരീപ്ര പഞ്ചായത്തിലെ മുളവുക്കോണം, വാക്കനാട്, ഇലയം, ഉളക്കൊട്, മടന്തകോട്, കടയ്ക്കോട്, പ്ലാക്കാട് എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം താറുമാറായത്.
എഴുകോൺ പഞ്ചായത്തിലെ രാമമംഗലത്ത് വീട്ടിൽ പ്രതീപ് രാജിന്റെ 300 ഓളം വാഴകൾ ഒടിഞ്ഞുവീണു. ഇരുമ്പനങ്ങാട് ലക്ഷംവീട്ടിൽ ഇന്ദിരയമ്മയുടെ വീടിന് മുകളിൽ പ്ലാവ് വീണു. മൂഴിയിൽ പ്രദീപ് ഭവനിൽ പ്രദീപിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് വൈദ്യുത ഉപകരണങ്ങൾ നശിച്ചു. വീടിന്റെ അടിത്തറയ്ക്ക് വിള്ളൽ വീണു.
കരീപ്രയിൽ മടന്തകോട് വാർഡിലാണ് കൂടുതൽ വീടുകൾ തകർന്നത്. മടന്തകോട് പുന്നലം മണി മന്ദിരത്തിൽ മണി, പുന്നലത്ത് പുത്തൻവീട്ടിൽ കാർത്യായനി അമ്മ, പുന്നലത്ത് പുത്തൻവീട്ടിൽ രാജമ്മ, പുന്നലത്ത് വീട്ടിൽ കമലദാസൻ എന്നിവരുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. മടന്തകോട് ശ്രീദേവി ഭവനിൽ ശ്രീകല, പുന്നലത്ത് പുത്തൻവീട്ടിൽ സോമിനി, പുന്നലത്ത് വീട്ടിൽ മണികണ്ഠൻ, മഹേഷ് ഭവനിൽ മുരളീധരൻ പിള്ള, കളയ്ക്കാട്ട് വീട്ടിൽ സുശീല, അനൂപ് ഭവനിൽ തങ്കമണി എന്നിവരുടെ വീടുകളുടെ മേൽക്കൂര ഭാഗികമായി തകർന്നു.
മരങ്ങൾ വീണ് മടന്തകോട് കൊച്ചുവീട്ടിൽ രാധാകൃഷ്ണപിള്ള, കുടിക്കോട് സുധീന മൻസിലിൽ സലാഹുദീൻ, കുടിക്കോട് മുകളുവിള വീട്ടിൽ സുരേന്ദ്രൻ, ഇലയം ഇലയത്തുവിള വീട്ടിൽ സതി, മുളവൂകോണം വിളയിലഴികത്ത് വീട്ടിൽ ലീലാഭായി, മുളവൂകോണം രതീഷ് ഭവനിൽ രവീന്ദ്രൻ പിള്ള എന്നിവരുടെ വീടുകൾ ഭാഗീകമായി തകർന്നു. മുളവൂകോണത്ത് മാത്രമായി 100 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു.മടന്തകോട് സിന്ധു ഭവനിൽ ശിവൻപിള്ളയുടെ 100 മൂട് റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണു. ലക്ഷങ്ങളുടെ നഷ്ടമാണ് വിവിധയിടങ്ങളിലായി ഉണ്ടായത്.