pho
പുനലൂർ താലൂക്ക് തഹസീൽദാർ ജി.നിർമ്മൽകുമാറിൻെറ അദ്ധ്യക്ഷതയിൽ അച്ചൻകോവിൽ റസ്റ്റ് ഹൗൽ ചേർന്ന സംയുക്ത യോഗം.

പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനമുള്ള പുളിയൻകുടിയുമായി ബന്ധം പുലർത്തിയെന്ന സംശയത്തെ തുടർന്ന് അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഷെഡുകളിൽ നിരീക്ഷത്തിൽ കഴിഞ്ഞ 14 കുടുംബങ്ങളെ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വന സംരക്ഷണ സമിതിയുടെ കെട്ടിടത്തിലേക്ക് മാറ്റി. ഇന്നലെ പുനലൂർ താലൂക്ക് തഹസീൽദാർ ജി.നിർമ്മൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ അച്ചൻകോവിൽ റസ്റ്റ് ഹൗസിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തെ തുടർന്നാണ് സുരക്ഷിത സ്ഥലത്ത് നിരീക്ഷണത്തിലാക്കിയത്. കൂടാതെ വീടുകളിൽ നിരിക്ഷണത്തിൽ കഴിയുന്ന ഏഴ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആദിവാസികൾ വനമേഖലകളിൽ നിന്ന് ശേഖരിക്കുന്ന വന വിഭവങ്ങൾ വനം വകുപ്പ് സംഭരിക്കണം. ഇവർക്ക് സൗജന്യ റേഷന് പുറമെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും നൽകും. അച്ചൻകോവിൽ വനമേഖകളിൽ താമസിക്കുന്ന ആദിവാസികൾ വനപാത വഴി തമിഴ്നാട്ടിലേക്ക് പോകുന്നതും തിരികെ വരുന്നതും തടയാൻ വനപാലകർക്കും പൊലിസിനും കർശന നിർദ്ദേശം നൽകിയ ശേഷമാണ് യോഗം പിരിഞ്ഞത്. അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സന്തോഷ്, താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള, റേഞ്ച് ഓഫീസർ സുരേഷ്ബാബു, അച്ചൻകോവിൽ എസ്.ഐ.ജി.ഹരീഷ്, പഞ്ചായത്ത് അംഗങ്ങളായ അച്ചൻകോവിൽ സുരേഷ് ബാബു, ഗീത സുകുനാഥ്, മെഡിക്കൽ ഓഫീസർ ആശ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.