ചാത്തന്നൂർ: കൊവിഡ് സ്ഥിരീകരിച്ച മീനാട് സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ ആദ്യ സമ്പർക്ക പട്ടികയിലെ ആറുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ആരോഗ്യ പ്രവർത്തകയുടെ ഭർത്താവും രണ്ട് മക്കളും മരുമകനും ഇയാളുടെ മാതാപിതാക്കളുടെയും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. രണ്ടാം ഘട്ടമായി ആരോഗ്യ പ്രവർത്തക ജോലി നോക്കിയിരുന്ന 15ാം വാർഡിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 16 ഓളം പേരുടെ സ്രവം അടിയന്തിരമായി പരിശോധിക്കും. കുടുംബാരോഗ്യ കേന്ദ്രം അടച്ച് അണുവിമുക്തമാക്കി. മറ്റ് പി.എച്ച്.സികളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ജീവനക്കാരെ നിയമിച്ച് ഇന്ന് മുതൽ കേന്ദ്രം സാധാരണ നിലയിൽ പ്രവർത്തിക്കും. അറിയിപ്പുണ്ടാകുന്നതുവരെ കുട്ടികളുടെ കുത്തിവയ്പ്പ് ഉണ്ടാകില്ല.