കുണ്ടറ വെള്ളിമണിലും വ്യാപക നാശനഷ്ടം
മൺറോത്തുരുത്ത്: കഴിഞ്ഞ ദിവസം വേനൽമഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ പേഴുംതുരുത്ത് വാർഡിലും കുണ്ടറ വെള്ളിമണിലും കനത്തനാശം. അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട പേഴുംതുരുത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് കായലിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ സൃഷ്ടിച്ച കനത്ത ഓളങ്ങളിൽ തീരത്തെ സംരക്ഷിക്കുന്നതിനായി കെട്ടിയിരുന്ന കരിങ്കൽക്കെട്ടുകൾ ഒന്നാകെ തകർന്നു പോയി. തീരത്തെ സ്വകാര്യ ഭൂമികളിൽ ഉടമസ്ഥർ സ്വന്തമായി നിർമ്മിച്ച കെട്ടുകളാ് തകർന്നത്. ഇതോടെ കര കായൽ കവർന്നെടുക്കുന്ന അവസ്ഥയിലാണ്.
മരങ്ങൾ വീണും പോസ്റ്റുകളൊടിഞ്ഞും തകരാറിലായ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപ്പിച്ചിട്ടില്ല. കരഭാഗങ്ങളിൽ പട്ടംതുരുത്ത് കാർത്തികയിൽ ഷൈജ, ലീലാ സദനത്തിൽ മല്ലിക എന്നിവരുടെ വീടുകൾക്ക് വൃക്ഷങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. ജങ്കാർ കടവിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു. ലോക്ക് ഡൗൺ മൂലം ജങ്കാർ സർവീസില്ലാഞ്ഞതിനാൽ അപകടങ്ങൾ ഒഴിവായി. ഇന്ന് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുമെന്ന് റവന്യു അധികൃതർ അറിയിച്ചു.
വെള്ളിമണിൽ ഇടിമിന്നലിലും കാറ്റിലും രണ്ട് വീടുകൾ തകർന്നു. കൊട്ടാരത്തിന് സമീപം വിജയശ്രീയുടെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞുവീണ് ഷീറ്റ് പാകിയ മേൽക്കൂര തകർന്നു. ഹേമചന്ദ്രൻ പിള്ളയുടെ വീടിന് ഇടിമിന്നലിൽ സാരമായ കേടുപറ്റുകയും ഭിത്തികൾ വിണ്ടുകീറുകയും ചെയ്തു. ചാർജ്ജ് ചെയ്യാനിട്ടിരുന്ന മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചു. ഫാനുകളും ടിവി, ഫ്രിഡ്ജ് തുടങ്ങിയവയടക്കം വീട്ടിലെ മുഴുവൻ വൈദ്യുത ഉപകരണങ്ങളും തകർന്നു. മിന്നലേൽക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങളാരുമില്ലായിരുന്നതിനാൽ അപകടം ഒഴിവായി.