70 ലിറ്റർ കോടയും ഏഴ് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
കൊല്ലം: എക്സൈസ് പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ രണ്ട് കേസുകളിലായി 70 ലിറ്റർ കോടയും ഏഴ് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതുൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു.
സർക്കാർ സൗജന്യ നിരക്കിൽ അനുവദിച്ച ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ചാരായം വാറ്റിക്കൊണ്ടിരുന്ന മൺറോത്തുരുത്ത് പുത്തൻതുരുത്ത് ലക്ഷം വീട് കോളനിയിൽ ഉല്ലാസ് (46 ), ശക്തികുളങ്ങര പുത്തൻത്തുരുത്ത് ജനോവ നിവാസിൽ വിനോദ് (44) എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിനോദിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിക്കാണ് ഉല്ലാസിന്റെ മൺറോത്തുരുത്തിലെ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷൗദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 50 ലിറ്ററിന്റെ അലൂമിനിയം കലത്തിൽ കോട നിറച്ച് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വാറ്റുന്ന സമയത്താണ് എക്സൈസ് സംഘം എത്തിയത്. കരമാർഗം എത്തിയാൽ വിവരം ചോരുമെന്നതിനാൽ പെരുമണിൽ നിന്ന് ബോട്ട് വാടകയ്ക്ക് എടുത്ത് കായൽ മാർഗമാണ് എത്തിയതെങ്കിലും എക്സൈസിനെ കണ്ടയുടൻ ഉല്ലാസ് കണ്ടൽക്കാടുകൾ വഴി ഓടി മറഞ്ഞു.
ശക്തികുളങ്ങര പുത്തൻതുരുത്തിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വേഷം മാറി എത്തിയാണ് വിനോദിനെ പിടികൂടിയത്.
ലോക്ക് ഡൗൺ വേട്ടയിൽ സ്പെഷ്യൽ സ്ക്വാഡ്
21 അബ്കാരി കേസുകൾ
ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്തത് 21 അബ്കാരി കേസുകൾ. 19 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 ലിറ്റർ കോട, 505 ലിറ്റർ അരിഷ്‌ടം, 54 ലിറ്റർ ചാരായം എന്നിവയും പിടിച്ചെടുത്തു.