ശാസ്താംകോട്ട: പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളിൽ 5 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. പനപ്പെട്ടിയിൽ ഏഴു വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ അഡ്വ. കെ. സോമപ്രസാദ് എം.പി, റൂറൽ എസ്.പി ഹരിശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീൻ, തഹസിൽദാർ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭന, പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ. നൗഷാദ്, ജയാ പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.