harbour
നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് ആരംഭിച്ച ഡ്രഡ്ജിംഗ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഫ്ലാഗ്‌ ഒഫ് ചെയ്യുന്നു

കൊല്ലം: നീണ്ട കാലത്തെ ആവശ്യത്തിനൊടുവിൽ നീണ്ടകര മത്സ്യബന്ധന തുറമുഖത്തെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു. മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. മണ്ണടിഞ്ഞ്
വാർഫിന്റെ മുഴുവൻ നീളവും ഉപയോഗിക്കാൻ കഴിയാത്ത ബുദ്ധിമുട്ടിലായിരുന്നു തൊഴിലാളികൾ. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വാർഫിന്റെ മുഴുവൻ നീളവും തൊഴിലാളികൾക്ക് ഉപയോഗിക്കാനാകും. ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായി ഹാർബർ എൻജിനീയറിംഗ് വകുപ്പ് കരാറിൽ ഏർപ്പെട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

നീണ്ടകര ഹാർബർ ബേസിൻ, ചാനൽ, ദളവാപുരം പാലം വരെയുള്ള അപ്രോച്ച് ചാനൽ എന്നിവ മണ്ണ്‌നീക്കം (ഡ്രഡ്‌ജിംഗ്) ചെയ്യുന്നതിനാണ് ധാരണ. ഒരു മണ്ണ് നീക്കൽ യന്ത്രം കൂടി (ഡ്രെഡ്ജ‌ർ) ഈ മാസം അവസാനത്തോടെ എത്തിക്കും. ഡ്രെഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വഴി മണ്ണ്‌ നീക്കം നടത്തുന്നതോടെ ഹാർബർ ബേസിനിലും ചാനലിലും ആവശ്യത്തിന് ആഴം ഉറപ്പാക്കാം. അതോടെ ഹാർബറിലെ വാർഫ് മുഴുവനായി ഉപയോഗിക്കാനും കൂടുതൽ വള്ളങ്ങളും ബോട്ടുകളും അടുപ്പിക്കാനും സാധിക്കും.

അഞ്ചുകോടിയുടെ കരാർ

ചെളി നീക്കുന്നത്:

ആദ്യഘട്ടം 1,70,000 ഘനമീറ്റർ

ഹാർബർ ബേസിനും ചാനലും ദളവാപുരം വരെയുള്ള ചാനലും മണ്ണ്‌ നീക്കുന്നതിന് അഞ്ചുകോടി രൂപയ്‌ക്കാണ് കരാറിലേർപ്പെട്ടിട്ടുള്ളത്. 1,70,000 ഘന മീറ്റർ ചെളി ആദ്യ ഘട്ടത്തിൽ നീക്കം ചെയ്യും. തുടർന്ന് 10 കോടി രൂപയുടെ കരാറിൽ കൂടി ഏർപ്പെടും. നീണ്ടകര ഹാർബർ പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും അളവ് ചെളി ഒറ്റയടിക്ക് നീക്കുന്നത്.
മണ്ണ്‌നീക്കം നടത്തി ബേസിന്റെയും ചാനലിന്റെയും ആഴം വർദ്ധിപ്പിക്കുന്നതിനായി വിവിധ കാലങ്ങളിലായി പല കരാറുകാരും പ്രവൃത്തി ഏറ്റെടുത്തിരുന്നെങ്കിലും അതെല്ലാം പൂർണമായും ഫലവത്തായിരുന്നില്ല.

''

നീണ്ടകര ഹാർബറിന്റെ പൂർവകാല പ്രതാപം വീണ്ടെടുക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലാണിത്. സംസ്ഥാനത്തെ എല്ലാ ഹാർബറിലും ആഴം കൂട്ടുന്നതിന്റെ തുടക്കമാണ് നീണ്ടകരയിലേത്.

ജെ.മേഴ്സിക്കുട്ടിഅമ്മ, മന്ത്രി