ganja-plant
കണ്ണനല്ലൂരിൽ സ്വകാര്യ പുരയിടത്തിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കൊല്ലം: ലോക്ക് ഡൗണിന്റെ വിരസത അകറ്റാൻ കഞ്ചാവ് ചെടി നട്ടുവളർത്തിുയ രണ്ട് പേർക്കെതിരെ എക്സൈസ് കേസെടുത്തു. കണ്ണനല്ലൂർ പ്രാക്കോണം പണയിൽ വീട്ടിൽ സുരേഷ്, കാവ്യ ഭവനം വീട്ടിൽ പക്രു എന്ന് വിളിക്കുന്ന വിഷ്‌ണു എന്നിവർക്കെതിരെയാണ് കേസ്. കണ്ണനലൂർ തടത്തിൽ മുക്കിൽ പാങ്കോണം അങ്കണവാടിക്ക് സമീപമുള്ള സ്വകാര്യ വസ്‌തുവിൽ ഇവർ നട്ടുപരിപാലിച്ച 12 കഞ്ചാവ് തൈകൾ പിടിച്ചെടുത്തു.

കാടുപിടിച്ച് കിടന്ന വസ്തു വെട്ടിത്തെളിച്ച് ആറ് തടങ്ങളെടുത്താണ് 12 തൈകൾ നട്ടത്. ചെടികൾക്ക് ആവശ്യമായ വളവും വെള്ളം തളിക്കാനുള്ള പാത്രവും എക്സൈസ് എത്തുമ്പോൾ ചെടികളുടെ സമീപത്ത് ഉണ്ടായിരുന്നു. ചെടികൾക്ക് രണ്ടാഴ്ച പ്രായമുണ്ട്.

മറ്റേതെങ്കിലും പുരയിടത്തിൽ വ്യാപകമായി കൃഷി നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്. സ്ഥിരമായി പ്രതികൾ സ്വകാര്യ പുരയിടത്തിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷാദിന് വിവരം നൽകിയത്.

 ഇടപാടുകാരെ നഷ്ടമാകാതിരിക്കാൻ

തമിഴ്നാട്ടിൽ നിന്ന് നിരന്തരം ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നവരാണ് പ്രതികൾ. ലോക്ക് ഡൗണിൽ ട്രെയിൻ ഗതാഗതം നിലച്ചതിനാൽ ഒരു മാസമായി ഇവർക്ക് കഞ്ചാവ് കിട്ടുന്നില്ലായിരുന്നു. സ്ഥിരം ഇടപാടുകാരെ നഷ്ടപ്പെടാതിരിക്കാൻ കഞ്ചാവ് കൃഷിയിലേക്ക് തിരിഞ്ഞതാണെന്ന് എക്സൈസ് സംശയിക്കുന്നു.