ഇന്റർനെറ്റിൽ പറക്കുംതളികളുടേതെന്ന പേരിൽ പ്രചരിച്ച വീഡിയോ വ്യാജമല്ലെന്ന് യുഎസ് മന്ത്രാലയം.. വാർത്ത സ്ഥിരീകരിച്ച് പെന്റഗൺ, വീഡിയോ ഔദ്യോഗികമായി പുറത്തു വിട്ടു. ഈ വീഡിയോകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങൾ ഔദ്യോഗികമായി പുറത്തു വിടുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം.
വീഡിയോ സൈന്യം തന്നെ ചിത്രീകരിച്ചതാണെന്ന് കഴിഞ്ഞ സെപ്തംബറിൽ തന്നെ യുഎസ് നേവിയുടെ സ്ഥിരീകരണമുണ്ടായെങ്കിലും ഇതാദ്യമായാണ് ഈ വീഡിയോകൾ പെന്റഗൺ ഔദ്യോഗികമായി പുറത്തു വിടുന്നത്. എത്ര വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നതെന്നും ഇത് ഒരു ഡ്രോൺ ആകാമെന്നും പശ്ചാത്തലത്തിൽ പറയുന്നത് കേൾക്കാം. ഈ സംഭവത്തിന്റെ പേരിൽ അന്വേഷണമൊന്നും നടക്കുന്നില്ല. ഏതെങ്കിലും സംവിധാനത്തിന്റെ ശേഷി പ്രദർശിപ്പിക്കാനല്ല ഈ വീഡിയോകൾ പുറത്തുവിടുന്നതെന്നും പെന്റഗൺ പറയുന്നു.
ആകാശത്തു കാണപ്പെടാത്ത തിരിച്ചറിയപ്പെടാത്ത വസ്തുക്കളാണ് യു.എഫ്.ഓകൾ. ഇവ അന്യഗ്രഹജീവികൾ സഞ്ചരിക്കുന്ന പേടകങ്ങളാണെന്ന് പ്രചാരണമുണ്ട്. എന്നാൽ ഇത്തരത്തിൽ കണ്ടെത്തുന്ന യു.എഫ്.ഓകൾ റിപ്പോർട്ട് ചെയ്യാൻ യുഎസ് നേവി പൈലറ്റുമാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നല്‍കിയിട്ടുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ടു ചെയ്യുന്നത്. 2017 ഡിസംബറിലും 2018 മാർച്ചിലുമായാണ് ഒരു സ്വകാര്യ സ്ഥാപനം നേവിയുടെ ഈ വീഡിയോകൾ പുറത്തു വിട്ടത്.
ഇൻഫ്രാറെഡ് കാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളിൽ വിമാനങ്ങളോടു സാമ്യമുള്ള വസ്തുക്കൾ ആകാശത്തു കൂടി ചലിക്കുന്നതു കാണാം. അതേസമയം, വീഡിയോയിൽ കാണുന്ന അജ്ഞാതപേടകങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ പെന്റഗൺ തയ്യാറായിട്ടില്ല. തിരിച്ചറിയപ്പെടാത്ത ആകാശപേടകങ്ങൾ മുൻപും കണ്ടതായി റിപ്പോർട്ടുകളുണ്ട്.