കൊല്ലം: ഇന്നലെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തില്ലെങ്കിലും കൊല്ലം ജില്ല ആശങ്കയുടെ മുൾമുനയിലാണ്. സമ്പർക്കത്തിലൂടെ കൂടുതൽപേരിലേക്ക് പകർന്നിരിക്കാമെന്നാണ് സൂചനകൾ. നിരത്തുകളിൽ കൂടുതൽപേർ ഇറങ്ങുന്നത് വ്യാപനത്തിന് വഴിയൊരുക്കുമോയെന്ന ആശങ്കയുമുണ്ട്. കുളത്തൂപ്പുഴ ഉൾപ്പെടെ ജില്ലയിലെ ഹോട്ട് സ്‌പോട്ട് മേഖലകളിൽ സുരക്ഷാ ക്രമീകരണത്തിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ, ശാസ്താംകോട്ട, ചാത്തന്നൂർ മേഖലകളും സമീപ പ്രദേശങ്ങളും ഹോട്ട് സ്പോട്ടുകളായി തുടരുകയാണ്. ഒരു തരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും ഇവിടെ അനുവദിക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ സർക്കാർ ഓഫീസുകൾക്കും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് പ്രവർത്തനാനുമതി. പ്രധാന വഴികളെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് നിയന്ത്രണത്തിലാക്കി. ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള ഇടറേഡുകൾ പൂർണമായും അടച്ചു. അനാവശ്യമായി പുറത്തിറങ്ങി ചുറ്റിത്തിരിയുന്നവരെ കണ്ടെത്താൻ ജീപ്പിന് പുറമെ ബൈക്കുകളിലും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.

കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ ആരോഗ്യ വകുപ്പ് നിർദേശ പ്രകാരം ഗൃഹ നിരീക്ഷണത്തിലാക്കിയതിനാൽ ഏരൂർ എസ്.ഐ സിജിൻ മാത്യുവിനെ കുളത്തൂപ്പുഴയിലെ ക്രമസമാധന ചുമതലയിൽ നിയോഗിച്ചു. കുളത്തൂപ്പുഴയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പുറമെ മറ്റൊരു സി.ഐയെ കൂടി സുരക്ഷാ ചുമതലകൾക്കായി വിട്ടുനൽകിയിട്ടുണ്ട്. സ്റ്റേഷൻ ദിവസേന അണുവിമുക്തമാക്കുന്നതിനൊപ്പം ഹാം റേഡിയോ, ഉച്ചഭാഷിണി എന്നിവയിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയാണ്.

''നിയന്ത്രണങ്ങൾ കർശനമായി തുടരും. രോഗ വ്യാപനത്തിടയാകും വിധം പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും"

ഹരിശങ്കർ

കൊല്ലം റൂറൽ എസ്.പി