കൊല്ലം: ലോക്ക് ഡൗൺ കാലത്തെ ദുരിതമകറ്റാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകൾ എല്ലാവരിലേക്കും എത്താൻ വൈകിയേക്കും. മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും കേന്ദ്രീകരിച്ച് കിറ്റുകളുടെ പായ്ക്കിംഗ് പുരോഗമിക്കുകയാണ്. സപ്ലൈകോ ജീവനക്കാർക്കൊപ്പം സന്നദ്ധ പ്രവർത്തകരെയും കൂടി നിയോഗിച്ചാണ് കിറ്റുകൾ നിറയ്ക്കുന്നത്. ശ്രമകരമായ ജോലി പൂർത്തിയാക്കി സമയ പരിധിക്കുള്ളിൽ മുഴുവൻ കിറ്റുകളും വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പ്. പക്ഷേ സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്ക് കിറ്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിക്കുകയെന്ന വെല്ലുവിളി ചെറുതല്ല.
ഉപ്പ് മുതൽ സോപ്പ് വരെ 1000 രൂപയുടെ സാധനങ്ങളാണ് സൗജന്യ കിറ്റിലുള്ളത്. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിനാണ് ആദ്യം കിറ്റുകൾ നൽകിയത്. തുടർന്ന് മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്), പൊതുവിഭാഗം (നീല, വെള്ള) എന്നിങ്ങനെയാണ് കിറ്റുകളുടെ വിതരണം. അടുത്ത ആഴ്ച ലോക്ക് ഡൗൺ അവസാനിച്ചാലും കിറ്റുകളുടെ വിതരണം പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല.