കൊല്ലം: ശക്തികുളങ്ങര, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളും വള്ളങ്ങളും വല നിറയെ മീനുമായി എത്തുമ്പോൾ കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികൾ നിരാശയിലാണ്. ലോക്ക് ഡൗണിനെ തുടർന്നുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം കടലിൽ പോയി തുടങ്ങിയിട്ട് ഒന്നോ രണ്ടോ ദിവസം മാത്രമാണ് വല നിറയെ മീൻ കയറിയത്. കൊല്ലം തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിലെയും വള്ളക്കാർ നീട്ടുവലകളാണ് ഉപയോഗിക്കുന്നത്. നീണ്ടകരയിലെയും ശക്തികുളങ്ങരയിലെയും വള്ളക്കാർ ഉപയോഗിക്കുന്നത് കോരൻ വലകളും. അടിത്തട്ടിലേക്ക് പോകുന്ന കോരൻ വലകളിൽ കാര്യമായി മീൻ കുടുങ്ങും. പക്ഷേ കൂട്ടത്തോടെ എത്തിയില്ലെങ്കിൽ നീട്ടുവലകളിൽ മത്സ്യം കയറാൻ പ്രയാസമാണ്. കരിച്ചാളയും മത്തിയുമൊക്കെയാണ് ഇന്നലെ പ്രധാനമായും ലഭിച്ചത്. ശക്തികുളങ്ങര, നീണ്ടകര എന്നിവിടങ്ങിൽ നിന്ന് വ്യത്യസ്തമായി കൊല്ലം തീരത്ത് കിട്ടുന്ന മത്സ്യം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്.