fahad

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും തിരക്കുള്ള സ്ഥലം സോഷ്യ​ൽ മീഡിയയാണ്. അതുകൊണ്ടുതന്നെ സെലബ്രിറ്റികളുടെ പോസ്റ്റുകൾ നിമിഷനേരങ്ങൾക്കൊണ്ട് വൈറലുമാകും.അങ്ങനെ വൈറലായ ഒരു വീഡിയോയെക്കുറിച്ച് പറയാം. പല സിനിമകളിലെ രംഗങ്ങളും സംഭവ വികാസങ്ങളും കോര്‍ത്തിണക്കി പുത്തന്‍ സൃഷ്ടിയുമായി എത്തുകയാണ് ചിലർ. ഇപ്പോഴിതാ സുരാജും നസ്രിയയും ഫഹദും ഒപ്പം മമ്മൂട്ടിയുമൊക്കെ നിറഞ്ഞാടുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപശ്ചാത്തലത്തില്‍ നിന്ന് തുടങ്ങുന്ന വിഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അണ്ണന്‍തമ്പി, വരത്തന്‍,ആക്ഷന്‍ ഹീറോ ബിജു മുതല്‍ മീശമാധവന്‍ വരെയുള്ള സിനിമകള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയുടെ ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥിതാരങ്ങളായുണ്ട്. എന്തുതന്നെയായാലും വിഡിയോയുടെ സൃഷ്ടാവിന്റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

സുരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് വീഡിയോ ഹിറ്റായത്. 'അടിപൊളി.....അല്ലാതെ ഇതിനെയൊക്കെ എന്താ പറയാ. ഒത്തിരി സ്‌നേഹത്തോടെ നന്ദി കൂട്ടുകാരാ' എന്ന് കുറിച്ചുകൊണ്ടാണ് രസകരമായ പുതിയ വീഡിയോ സുരാജ് വെഞ്ഞാറമൂട് പോസ്റ്റ് ചെയ്തിരിക്കുന്നത്.ട്രോള്‍ വീഡിയോകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമാവാറുളള കഥാപാത്രമാണ് സുരാജിന്റെ ദശമൂലം ദാമു. ദാമുവിനെവച്ച്‌ മുന്‍പും നിരവധി വീഡിയോകളും ട്രോളും പുറത്തിറങ്ങിയിരുന്നു. മിക്ക വീഡിയോകളും തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരാജ് വെഞ്ഞാറമൂട് പങ്കുവെക്കാറുണ്ട്