പുനലൂർ: തമിഴ്നാട്ടിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ ആര്യങ്കാവ് വനമേഖലകളിൽ ഡ്രോൺ നിരീക്ഷണം വനംവകുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്ന് വനത്തിലൂടെ കേരളത്തിലേക്കും തിരിച്ചും ജനങ്ങൾ രഹസ്യമായി വരുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന.
കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് വനപാതയിലൂടെ തമിഴ്നാട്ടിൽ പോയശേഷം തിരികെയെത്തിയതിനെ തുടർന്ന് കൊവിഡ് ബാധിതനാവുകയും ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റ് രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് അതിർത്തിയിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വനപാത, വനത്തിലെ ഊടുവഴികൾ, റെയിൽവേ ട്രാക്ക് എന്നിവിടങ്ങളിൽ പൊലീസും വനപാലകരും ആർ.പി.എഫും നേരത്തെ തന്നെ പരിശോധനകൾ കർശനമാക്കിയിരുന്നു. ഇതും മറികടന്നാണ് ഉൾവനങ്ങളിലൂടെ ജനങ്ങൾ സഞ്ചരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ, തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സുനിൽ ബാബു, തെന്മല ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ സജീവ്കുമാർ, ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ജു, തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണം.
.......................................
ഡ്രോൺ നിരീക്ഷണം
കോട്ടവാസൽ
കമ്പിലൈൻ
കടമാൻപാറ
ചന്ദനത്തോട്ടം
(ഉൾവനമേഖല)
രാജാകൂപ്പ്
കമ്പിലെയിൻ
ദർഭകുളം
തേക്കിൻകൂപ്പ്
(വനാതിർത്തി)
''
അധികൃതരുടെ കണ്ണുവെട്ടിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം വനംകൊള്ളയും വ്യജവാറ്റും നിരീക്ഷിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. ഡ്രോൺ നിരീക്ഷണം കൂടുതൽ വനമേഖലകളിലേക്ക് വ്യാപിപ്പിക്കും.
വനംവകുപ്പ്
..................................