ആയുർവേദ വൈദ്യശാസ്ത്രത്തിന് വളക്കൂറുള്ള മണ്ണാണ് കേരളമെന്ന തിരിച്ചറിവോടെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് പുതുകാലത്തിന്റെ മാരക രോഗങ്ങൾക്ക് മരുന്നുകൾ വികസിപ്പിച്ചെടുക്കുന്ന ഗവേഷണത്തിലാണ് ഡോ.കെ.വി. പ്രദീപ്. പുത്തൂർ പാങ്ങോട് എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടുമായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനിക്ക് ഫലപ്രദ മരുന്നായ 'ദേവാമൃതം' വികസിപ്പിച്ചെടുത്തിരുന്നു.
ദേവകല്പം കഷായം ഉൾപ്പെടെ ഒട്ടേറെ ഔഷധക്കൂട്ടുകൾ ഇവിടുത്തെ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതിന് ചുക്കാൻ പിടിച്ചതും ഡോ. പ്രദീപാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഋഷിവര്യൻമാർ ലക്ഷണം നോക്കിയും സ്പർശിച്ചും രോഗനിർണയം നടത്തുകയും പ്രകൃതിയിൽ നിന്നുള്ള സസ്യലതാദികൾ, വൃക്ഷങ്ങൾ എന്നിവയുടെ ഇല, പൂവ്, കായ, വേര് എന്നിവ ഉപയോഗിച്ച് ഫലപ്രദമായ ചികിത്സ നടത്തി രോഗം പൂർണമായും ഭേദമാക്കിയിരുന്നു. ആ പാരമ്പര്യത്തിനൊപ്പം ആധുനിക ശാസ്ത്ര അറിവുകളും ചേർന്നതാണ് ഇന്നത്തെ ആയുർവേദ ചികിത്സാ സമ്പ്രദായമെന്ന് ഡോ. പ്രദീപ് പറയുന്നു. ആയുർവേദത്തിന്റെ സത്തയും മൂല്യവും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. വിവിധ തരത്തിലുള്ള കരൾ രോഗങ്ങൾ, അൽഷിമേഴ്സ്, പാർക്കിൻസൺ രോഗം, പക്ഷാഘാതം, പ്രമേഹം, ആസ്ത്‌മ, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമായ മരുന്നുകൾ തയ്യാറാക്കിയാണ് ചികിത്സ നടത്തുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ ആയുർവേദത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ലോക്ക് ഡൗൺ കാലത്ത്ചികിത്സാ രംഗത്തും ഔഷധ സസ്യ കൃഷിരംഗത്തും സജീവമാണ് ഡോ.കെ.വി. പ്രദീപ്.
പാരമ്പര്യത്തിന്റെ കൈ പിടിച്ച്
കൊല്ലം അയത്തിൽ 'കല്പന'യിൽ കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാറായി വിരമിച്ച എൻ. വിദ്യാധരന്റെയും വി. രമാദേവിയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ പ്രദീപിന് ആയുർവേദത്തോട് നന്നേ ചെറുപ്പത്തിലേ കമ്പം തോന്നിയതാണ്. സഹോദരിമാരും ആരോഗ്യ രംഗത്താണ് പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ടാമത്തെ ജനറൽ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് എൻ. കൃഷ്ണൻ വൈദ്യൻ ഡോ. പ്രദീപിന്റെ അമ്മയുടെ മുത്തച്ഛനാണ്. ആയുർവേദ ആചാര്യൻമാരായ കണ്ണാടത്ത് സി.എൻ. വാസു വൈദ്യരുടെയും സരോജിനിയുടെയും കൊച്ചുമകനായ പ്രദീപ് ഈ പാരമ്പര്യത്തിന്റെ കൈ പിടിച്ചാണ് ആയുർവേദ രംഗത്തെത്തിയത്. മുള്ളുവിള ദേവീവിലാസം സ്കൂൾ, മുഖത്തല സെന്റ് ജൂഡ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബിരുദവും കർണാടക എ.എൽ.എൻ റാവു മെമ്മോറിയൽ കോളേജിൽ നിന്ന് എം.ഡിയും ഭുവനേശ്വർ ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. പുത്തൂർ എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച് വരവെയാണ് മൂന്ന് മാസം മുമ്പ് പ്രിൻസിപ്പലാകാനുള്ള നിയോഗം ലഭിച്ചത്. ആശുപത്രി സൂപ്രണ്ടായും കായ ചികിത്സാ വിഭാഗം പ്രൊഫസറായും പി.ജി ഗൈഡായും ഏറ്റെടുത്ത ചുമതലകൾ അർപ്പണ ബോധത്തോടെ നിർവഹിക്കാൻ കഴിയുന്നുണ്ട്. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ഭാരവാഹികളുടെ പൂർണപിന്തുണയും പ്രോത്സാഹനവുമാണ് മുന്നോട്ടുള്ള വളർച്ചയ്ക്ക് മാർഗദർശകമാകുന്നത്.
സജീവ സാന്നിദ്ധ്യം
എസ്.എൻ ആയുർവേദ കോളേജിലെ പ്രധാന ചുമതലകൾക്ക് പുറമെ എല്ലാക്കാര്യങ്ങളിലും ഡോ.കെ.വി. പ്രദീപിന്റെ സാന്നിദ്ധ്യവും നേതൃപരമായ ഇടപെടലുമുണ്ട്. കോളേജിന്റെ ഇന്റർനാഷണൽ മാസികയായ 'ഗ്ളിറ്റേഴ്സ് ഒഫ് ആയുർവേദ'യുടെ എഡിറ്റോറിയൽ ബോർഡംഗവും ഹോസ്പിറ്റൽ എൻ.എ.ബി.എച്ച് കോ ഓർഡിനേറ്ററും ഗവേഷണ വിഭാഗം കോ ഓർഡിനേറ്ററുമാണ്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ കൊല്ലം ഏരിയാ കമ്മിറ്റി പ്രസിഡന്റായും അയത്തിൽ പൗരസമിതി പ്രസിഡന്റായും പ്രൈവറ്റ് ആയുർവേദ കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സൗത്ത് സോൺ പ്രസിഡന്റായും മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇപ്പോൾ കേരള ആരോഗ്യ സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ഈസ്റ്റ് ഏരിയ വൈസ് പ്രസിഡന്റ്, ഹ്യൂമൻ റൈറ്റ്സ് ആൻഡ് പ്രൊട്ടക്ഷൻ കൗൺസിൽ സ്റ്റേറ്റ് എക്സി. അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജീവകാരുണ്യ, സേവന മേഖലകളിലും സജീവമായി ഇടപെടാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിറുത്തി ഹ്യൂമൻ റൈറ്റ്സ് ആൻഡ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ 2016, 2018 വർഷങ്ങളിൽ പ്രശസ്തിപത്രവും മൈത്രി ഇവന്റ് കൾച്ചറൽ അസോസിയേഷന്റെ കർമ്മ ശ്രേഷ്ഠ അവാർഡും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വിദ്യാവിഹാറിൽ ബി.എൽ. വിദ്യാധരന്റെയും കെ.എസ്. ലതികയുടെയും മകളായ ഡോ. വി.എൽ. ഇന്ദുവാണ് ഭാര്യ. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിലെ പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ഡോ. ഇന്ദു. ഏക മകൾ വൈഷ്ണവി കൊല്ലം എസ്.എൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇവർക്ക് 'അമൃത' എന്ന പേരിൽ കൊല്ലം അയത്തിലിൽ സ്വന്തമായി ആശുപത്രിയുമുണ്ട്.
വിലാസം: കൃഷ്ണശ്രീ, മൂന്നാംകുറ്റി, കൊല്ലം. ഫോൺ: 9447156977