c
ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് റോഡിലിറങ്ങിയ സ്വകാര്യവാഹനങ്ങൾ. ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം

കൊല്ലം: ജില്ലയുടെ അതിർത്തി ഗ്രാമങ്ങൾ ഹോട്ട് സ്പോട്ടുകളായി തുടരുന്നത് കൊല്ലത്തിന്റെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് എളുപ്പമാക്കില്ല. പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന പോരുവഴി, പാരിപ്പള്ളി - ഓച്ചിറ ദേശീയപാതയിലെ ചാത്തന്നൂർ, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുളത്തൂപ്പുഴയും അനുബന്ധ മേഖലകളും ഹോട്ട് സ്‌പോട്ടുകളാണ്.

ജില്ലയിൽ പ്രാബല്യത്തിൽ വന്ന ലോക്ക് ഡൗൺ ഇളവുകളൊന്നും ഹോട്ട് സ്പോട്ടുകളിൽ അനുവദിക്കില്ല. ജില്ലാ കളക്ടർ നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ ഹോട്ട് സ്പോട്ടുകൾ ഏതാണ്ട് കർഫ്യൂ നിഴലിലാണ്. പത്തനംതിട്ട ജില്ലയിലേക്ക് പോരുവഴിയിൽ നിന്ന് പ്രവേശിക്കാൻ കഴിയുന്ന എല്ലാ ഇടറോഡുകളും പൂർണമായി അടച്ചു. കൊല്ലം - തേനി ദേശീയപാതയിൽ ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന ശൂരനാട് വടക്ക് ആനയടി വയ്യാങ്കരയും പൊലീസ് നിയന്ത്രണത്തിലാണ്. ഇവിടെയും അതിർത്തി ഏതാണ്ട് അടച്ച സാഹചര്യമാണ്.

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരെയും അകത്തേക്കും പുറത്തേക്കും കടത്തിവിടുന്നില്ല. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ചെറുതല്ലാത്ത തരത്തിലാണ് ഇത് ബാധിക്കുന്നത്. ആശുപത്രി, അവശ്യസാധനങ്ങൾ തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ആവശ്യങ്ങൾക്ക് ജില്ലയുടെ അതിർത്തികൾ നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നവർക്ക് അതിർത്തികളിലെ മതിലുകൾ വെല്ലുവിളിയാണ്.

മാർഗരേഖയുമായി പൊലീസ്

അതിർത്തി ഗ്രാമങ്ങളോട് ചേർന്നുകിടക്കുന്ന ചെറുകിട നിർമ്മാണ കേന്ദ്രങ്ങൾ, കശുഅണ്ടി ഫാക്ടറികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെയും ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ ബാധിച്ച് തുടങ്ങി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും അവിടേക്ക് പോകാൻ ജനങ്ങൾ ഭയക്കുന്നുണ്ട്. പുറത്തിറങ്ങുന്നതിന് കർശനമായ മാർഗരേഖയാണ് പൊലീസ് നൽകുന്നത്. അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഹോട്ട് സ്പോട്ടുകളുടെ എല്ലാ ഭാഗങ്ങളിലും രോഗ വ്യാപന ഭീതി ഇല്ലാത്തതിനാൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.