പുനലൂർ: കരാർ ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട തമിഴ്നാട് സ്വദേശി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവകാശി സ്വദേശിയ സേവ്യറാണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട സേവ്യർ ആശുപത്രിയിലേക്ക് പോകുമ്പോൾ പുനലൂരിന് സമീപം ഐക്കരക്കോണത്ത് കടത്തിണ്ണയിൽ കയറി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാതിരുന്നതോടെ നാട്ടുകാർ പുനലൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ സേവ്യർ മരിച്ചിരുന്നു. പിന്നീട് വാർഡ് കൗൺസിലർ എസ്. സുബിരാജിന്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാല് വർഷമായി കരാറുകാരനൊപ്പം ഐക്കരക്കോണത്തും മറ്റും ജോലിചെയ്തുവരികയായിരുന്നു. ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് എസ്.ഐ അഭിലാഷ് പറഞ്ഞു.