കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തൊടിയൂർ 424ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിൽ മോഷണം. ഗുരുക്ഷേത്രത്തിലെ കാണിക്ക വഞ്ചി കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് പണം കവർന്നത്. ആറ് മാസത്തെ കാണിക്കയായി വഞ്ചിയിൽ ഉണ്ടായിരുന്ന ഉദ്ദേശം 10000 രൂപയാണ് മോഷ്ടാക്കൾ കവർന്നതെന്ന് ശാഖാ സെക്രട്ടറി ശിവപ്രസാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്. ശാഖാ അങ്കണം ചാടിക്കടന്ന മോഷ്ടാക്കൾ ഓഫീസിന്റെ കതക് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുക്ഷേത്രത്തിന്റെ താക്കോൽ കൈക്കലാക്കിയത്. തുടർന്ന് ഗുരുക്ഷേതത്തിൽ കടന്ന് കാണിക്ക വഞ്ചി പുറത്തെടുത്ത് പണം കവരുകയായിരുന്നു. തകർത്ത കാണിക്ക വഞ്ചി ഗുരുക്ഷേത്രത്തിന് സമീപത്തു തന്നെ ഉപേക്ഷിച്ചു. പുലർച്ചെ ഗുരുക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ ശാന്തി രാജഗോപാലാണ് തകർന്ന് കിടക്കുന്ന കാണിക്ക വഞ്ചികണ്ടത്. തുടർന്ന് വിവരം ശാഖാ ഭാരവാഹികളെ അറിയിച്ചു. പരാതി ലഭിച്ചതോടെ കരുനാഗാപ്പള്ളിയിൽ നിന്ന് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് കൊല്ലത്തു നിന്ന് വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും എത്തി പരിശോധന നടത്തി.