കൊല്ലം: കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ സർക്കാർ മദ്യവിൽപ്പനശാല മാറ്റി സ്ഥാപിക്കുന്നതിന് സാദ്ധ്യതയേറി. അനുയോജ്യമായ ഇടംകണ്ടെത്തിയാൽ ഉടൻതന്നെ മാറ്റി സ്ഥാപിക്കാമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് തന്നതായി പി. ഐഷാപോറ്റി എം.എൽ.എ അറിയിച്ചു. ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് എം.എൽ.എയ്ക്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എക്സൈസ് കമ്മിഷണർക്കുമടക്കം ഇവ കൈമാറിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി എക്സൈസ് വകുപ്പിന് തുടർനടപടിക്കായി നൽകിയതിന്റെ ഇമെയിൽ സന്ദേശവും എം.എൽ.എയ്ക്ക് ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് വകുപ്പ് മന്ത്രിയിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചത്. ഈ മാസം 10ന് 'ബസ് സ്റ്റാൻഡുകൾക്കിടയിൽ മദ്യവിൽപ്പനശാല വേണ്ടെന്ന് കൊട്ടാരക്കരക്കാർ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയത്തിൽ റൂറൽ എസ്.പി ഹരിശങ്കറിന്റെയും കൊട്ടാരക്കര തഹസീൽദാർ എ.തുളസീധരൻ പിള്ളയുടെയും എം.എൽ.എയുടെയും അടക്കമുള്ളവരുടെ പ്രതികരണങ്ങളും തുടർ വാർത്തയായി പ്രസിദ്ധീകരിച്ചു. തുടർന്ന് വിഷയം സജീവ ചർച്ചയായി. നവമാദ്ധ്യമങ്ങളിൽക്കൂടി ചർച്ചകളും പ്രതികരണങ്ങളും രൂക്ഷമാവുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളും ഔട്ട്ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള ഇടപെടലുകൾ നടത്തിയിരുന്നു.
നീണ്ടനാളായുള്ള ആവശ്യം
കൊല്ലം- തിരുമംഗലം ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കര പുലമൺ കവലയിലാണ് മദ്യ വിൽപ്പനശാല പ്രവർത്തിക്കുന്നത്. നൂറ് മീറ്റർ ചുറ്റളവിലുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റുകൾക്കിടയിലെ സ്ഥാപനം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറെയും അനുഭവിക്കുന്നത്. ലോക് ഡൗൺ കാലയളവിൽ മദ്യശാല അടച്ചിട്ടു. ഇനി ഇവിടെ തുറക്കുന്നത് ഉചിതമല്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.