c
ചാത്തന്നൂരിലെ ആരോഗ്യ പ്രവർത്തകയ്‌ക്ക് കൊവിഡ് ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

കൊല്ലം: ചാത്തന്നൂരിലെ ആരോഗ്യ പ്രവർത്തകയ്‌ക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ വൈകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകയ്‌ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്ന് ചാത്തന്നൂർ എം.സി പുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 പേരെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇവർ സന്ദർശിച്ചിരുന്നു. നിരീക്ഷണ കാലയളവിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതിനാൽ ഇവരുടെ സാമ്പിളുകൾ ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഇവരിൽ 16 പേരുടെ സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ഫലം വന്ന ഏഴ് പേരുടെയും ഫലം നെഗറ്റീവാണ്. ശേഷിക്കുന്നവരുടെ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അവരുടെ ഫലവും നെഗറ്റീവ് ആയാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുക ശ്രമകരമാകും. 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇവർക്ക് കൊവിഡ് പോസിറ്റീവായിരുന്നാലും അത് നിരീക്ഷണ കാലയളവിനുള്ളിൽ നെഗറ്റീവാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സാമ്പിൾ പരിശോധനയിലൂടെ ആരോഗ്യ പ്രവർത്തകയ്‌ക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ കഴിയില്ല. മുൻപ് രോഗം ബാധിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള പരിശോധനാ സംവിധാനവും നിലവിൽ ലഭ്യമല്ല.

മീനാടും എം.സി പുരവും നിരീക്ഷണത്തിൽ

ആരോഗ്യ പ്രവർത്തകയുമായി ഹൈ റിസ്ക് കോൺടാക്ടിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും രോഗികളും ജനങ്ങളും ഉൾപ്പെടെയുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കുകയാണ്. ആരോഗ്യ പ്രവർത്തക നിരന്തരം ഇടപെട്ടിരുന്ന

ചാത്തന്നൂർ പഞ്ചായത്തിലെ മീനാടും എം.സി പുരവും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകയുടെ ഭർത്താവിന്റെയും മക്കളുടെയും സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയത് അശ്വാസമാണ്.