കൊല്ലം: കർണാടകയിലെ ആശുപത്രിയിൽ തലച്ചോറിലെ ട്യൂമർ ശസ്ത്രക്രിയയ്ക്കായി എത്തി ലോക്ക്ഡൗണിൽ അകപ്പെട്ട നിർദ്ധനരോഗിയായ അമ്മയെയും മകനെയും എൻ.എസ് സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ നാട്ടിലെത്തിച്ചു. ട്യൂമർ ചികിത്സയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ശസ്ത്രക്രിയയ്ക്കായി ഫെബ്രുവരി 28 നാണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി നിത (39) കർണാടകയിലെ വൈറ്റ്ഫീൽഡ് ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ മെഡിക്കൽ സയൻസസ് ആശുപത്രിയിൽ അഡ്മിറ്റായത്. മകൻ ബി. നിബൻ (20) അമ്മയ്ക്ക് കൂട്ടിനുണ്ടായിരുന്നു. എന്നാൽ ഈ ആശുപത്രി കൊവിഡ് ചികിത്സയ്ക്കുള്ള ആശുപത്രിയാക്കി മാറ്റിയതോടെ നിതയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ ഇവരുടെ മടങ്ങിവരവും അനിശ്ചിതത്വത്തിലായി. അടുത്തുള്ള അഭയകേന്ദ്രത്തിൽ കഴിഞ്ഞ ഇവർ സഹായത്തിനായി പലരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മുഖ്യമന്ത്രിയുടെ സഹായ സെല്ലിലേക്ക് നേരിട്ട് വിളിച്ച നിതയുടെ ദുരിതമറിഞ്ഞ മുഖ്യമന്ത്രി ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കൊല്ലം കളക്ടറെ ചുമതലപ്പെടുത്തി. കളക്ടർ ബി. അബ്ദുൽ നാസർ എൻ.എസ് സഹകരണ ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനെയും ആംബുലൻസും ഉറപ്പാക്കി. ആശുപത്രി മാനേജ്മെന്റിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ ടെക്‌നിഷ്യൻ പത്മ പ്രവീൺ, ഡ്രൈവർമാരായ നിയാസ്, അനിൽ, ആത്മജൻ എന്നിവർ പി.പി.ഇ കിറ്റും മാസ്‌കും നിതയ്ക്കും മകനും ആവശ്യമായ മരുന്നുകളും ഭക്ഷണവുമായി പുറപ്പെട്ടു. ആംബുലൻസിന് ജില്ല, സംസ്ഥാന അതിർത്തികളിൽ ആവശ്യമായ സൗകര്യങ്ങൾ കളക്ടർ ഒരുക്കിക്കൊടുത്തു. തിങ്കളാഴ്ച ഉച്ചയോടെ വൈറ്റ് ഫീൽഡിലെത്തിയ ആംബുലൻസിൽ നിതയും മകനും രാത്രിയോടെ കേരളത്തിലേക്ക് പുറപ്പെട്ടു. ഇന്നലെ വൈകിട്ട് ആറോടെ രോഗിയുമായി ആംബുലൻസ് കൊല്ലത്തെത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നെല്ലിമുക്കിലുള്ള നിരീക്ഷണകേന്ദ്രത്തിലേക്ക് നിതയെയും മകനെയും മാറ്റി.