കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ ആഘോഷമാക്കിയ 503 പേരെ നിയമ ലംഘനത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾക്കെതിരെ 495 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 503 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം നഗരത്തിൽ സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് പ്രവർത്തിച്ച ഒമ്പത് വ്യാപാര സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ ഉപഭോക്താക്കളെ കയറ്റിയ ഈ സ്ഥാപനങ്ങളിൽ ഹാൻഡ് വാഷ് കോർണറുകൾ ഉണ്ടായിരുന്നില്ല. മാസ്ക് ധരിക്കാൻ ഉടമകളും തൊഴിലാളികളും തയ്യാറാകാതിരുന്നതും കേസെടുക്കുന്നതിന് കാരണമായി. മത്സ്യബന്ധന മേഖലയിലെ വിഷയങ്ങളിൽ പ്രതിഷേധിച്ച് ശക്തികുളങ്ങരയിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത 20 പേർക്കെതിരെ കേസെടുത്തു.
കരുനാഗപ്പള്ളി കുലശേഖരപുരം പുത്തൻചന്ത സ്വദേശിഅനൂപിനെ (32) നാല് ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി പൊലീസ് പിടികൂടി. ശക്തികുളങ്ങര ഒഴുകുതോട് ദേശസേവിനി നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വ്യാജചാരായ നിർമ്മാണത്തിനായി കന്നാസിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റർ കോട ശക്തികുളങ്ങര പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ കൊല്ലം റൂറൽ/ സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ: 234, 261
2. അറസ്റ്റിലായവരുടെ എണ്ണം : 234, 269
3. പിടിച്ചെടുത്ത വാഹനങ്ങൾ : 218, 172
കേസുകൾ: 495
പിടിച്ചെടുത്ത വാഹനങ്ങൾ: 390