നിരത്തുകളിൽ തിരക്കേറി
കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ വ്യാപാര കേന്ദ്രങ്ങൾ തുറന്ന് കൊല്ലം നഗരം സജീവമായിത്തുടങ്ങി. നഗര ഹൃദയമായ ചിന്നക്കടയോട് ചേർന്ന് കിടക്കുന്ന മെയിൻ റോഡിലെയും പായിക്കടയിലെയും വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായതോടെ കൊല്ലം നഗരം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വരുകയാണ്. കളക്ടറേറ്റ്, കോർപ്പറേഷൻ ആസ്ഥാനം ഉൾപ്പെടെ നഗരത്തിലെ എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അവശ്യ സർവീസുകളുടെ വിഭാഗത്തിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങൾ 35 ശതമാനം ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ഒറ്റ അക്ക, ഇരട്ട അക്ക നമ്പറുടെ അടിസ്ഥാനത്തിൽ വാഹന ഗതാഗതം ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരത്തിലെ തിരക്ക് അനുദിനം വർദ്ധിക്കുകയാണ്. സത്യവാങ്മൂലമോ പൊലീസ് നൽകുന്ന ഓൺലൈൻ പാസോ ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് പിടിവീഴും.
നിർദ്ദേശങ്ങൾ അവഗണിച്ചു,
9 വ്യാപാരികൾക്കെതിരെ കേസ്
സ്ഥാപനങ്ങൾ തുറന്നതോടെ കൊവിഡ് 19 മാർഗ നിർദ്ദേശങ്ങൾ ഉറപ്പ് വരുത്താൻ പൊലീസ് പരിശോധന കർശനമാക്കി. സാമൂഹിക അകലം പാലിക്കാതെ ഉപഭോക്താക്കളെ കയറ്റുകയും ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിക്കാതിരിക്കുകയും ചെയ്ത ഒമ്പത് വ്യാപാര കേന്ദ്രങ്ങളുടെ ഉടമകൾക്കെതിരെ ഇന്നലെ ഈസ്റ്റ് പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം പൊലീസ് ജനങ്ങൾക്ക് നൽകുന്നുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ അടുത്ത ദിവസങ്ങളിൽ നടപടിയുണ്ടാകും.
......................
1. പുറത്തിറങ്ങുന്നവർ സാമൂഹിക അകലം ഉറപ്പ് വരുത്തണം
2. മാസ്ക് ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം
3. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം
4. വാഹനങ്ങളിൽ പുറത്തിറങ്ങുമ്പോൾ സത്യവാങ്മൂലം കരുതണം
.........................
ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിലാണെങ്കിലും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. സാമൂഹിക അകലം ഉറപ്പ് വരുത്തണം .
ടി.നാരായണൻ, സിറ്റി പൊലീസ് കമ്മീഷണർ
റംസാൻ വ്രതം:പാഴ്സലുൾക്ക് ആവശ്യക്കാരേറെ
നഗരത്തിലെയും പരിസര മേഖലകളിലെയും ഹോട്ടലുകൾ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ഭക്ഷണം തയ്യാറാക്കി വീടുകളിലും ഓഫീസുകളിലും എത്തിച്ച് നൽകുന്നുണ്ട്. റംസാൻ വ്രതം ആരംഭിച്ചതിനാൽ രാത്രിയിലും ഭക്ഷണം എത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നൊയമ്പ് ആരംഭിച്ചതിനാൽ നഗരത്തിൽ പാഴ്സലുൾക്ക് ആവശ്യക്കാരേറെയാണ്.