കൊല്ലം: കനത്ത മഴയും കാറ്റും, കൊല്ലത്ത് വിവിധ ഭാഗങ്ങളിൽ കനത്ത നാശം. വാളകം പുലിയൻ കോളനിയിൽ അഞ്ച് വീടുകൾ തകർന്നു. സമീപത്ത് നിന്നിരുന്ന വൻമരങ്ങൾ പിഴുത് വീടുകൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വാളകം പുലിയൻ കോളനിയിൽ ഈട്ടി വിളവീട്ടിൽ അനി കെ, ഈട്ടി വിള പുത്തൻവീട്ടിൽ ഉഷ, കാഞ്ഞിരംവിള വീട്ടിൽ കാർത്തിക ഈട്ടി വിളയിൽ സുജ എന്നിവരുടെ വീടുകളാണ് തകർന്നത്. വീടുകളുടെ മേൽക്കൂര പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. വീടിനുള്ളിലെ സാധന സാമഗ്രികൾ പൂർണ്ണമായും നശിച്ചു. അഞ്ചൽ- ആയൂർ റോഡിൽ പെരുങ്ങളൂരീൽ റോഡിന് കുറുകെ രണ്ട് മരം കടപുഴകി വീണത് ഗതാഗതം തടസ്സപെടുത്തി. വൈദ്യുതി കമ്പികളിലേക്ക് വീണ് പോസ്റ്റുകളും നിലംപൊത്തി. വാഹനങ്ങൾ കടന്നുപോകാത്ത സമയമായതിനാൽ വൻ ദുരന്തമൊഴിവായി.
ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞും കടപുഴകിയും അപകടങ്ങളുണ്ടായി. ഇടിമിന്നലിൽ അഞ്ചലിൽ രണ്ട് പശുക്കുട്ടികൾ ചത്തു. കരുകോൺ സലീനാ മൻസിലിൽ ഷംലയുടെ 13 മാസം പ്രായമെത്തിയ പശുക്കുട്ടികളാണ് ചത്തത്.