കൊവിഡിൽ നിന്ന് മോചനം നേടാൻ രാജ്യം മുഴുവന്‍ ജാഗ്രതയോടെ മുന്നോട്ടുനീങ്ങുകയാണ്. എന്നാൽ ഈ അവസ്ഥയിൽ കിടന്നുറങ്ങാന്‍ ഇടമില്ലാതെ തെരുവില്‍ അലയുന്നവര്‍ നിരവധിയാണ്. ഇത്തരം ആളുകളെ സഹായിക്കാന്‍ ലോക്ക്ഡൗണ്‍ കാലത്ത് ചിത്രം വരച്ച് പണം സമാഹരിക്കുകയാണ് അന്യ എന്ന പന്ത്രണ്ടുവയസ്സുകാരി . ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകളാണ് ഈ കൊച്ചു മിടുക്കി.
ഭവനരഹിതരെയും തെരുവുമൃഗങ്ങളെയും സഹായിക്കുകയാണ് അന്യയുടെ ലക്ഷ്യം. മൃഗസ്നേഹിയായ അന്യ താന്‍ വരയ്ക്കുന്ന ആനിമല്‍ സ്കെച്ചുകള്‍ക്ക് 1000 രൂപയാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്. ഇതിനോടകം സമാഹരിച്ച ഏതാണ്ട് രണ്ടു ലക്ഷത്തോളം രൂപ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു.. ഇതിനുപിന്നാലെയാണ് അന്യയ്ക്ക് പ്രോത്സാഹനവുമായി നടന്‍ അഭിഷേക് ബച്ചന്‍ എത്തിയിരിക്കുന്നത്.
അന്യ വരച്ച ഒരു പടം 101000 രൂപയ്ക്ക് വാങ്ങിയാണ് അഭിഷേക് പിന്തുണ നല്‍കിയിരിക്കുന്നത്. ഫറാഖാന്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. "ആരാണ് ഒരു ലക്ഷം രൂപ ഒരു സ്കെച്ചിനു നല്‍കുക? അഭിഷേക് ബച്ചനല്ലാതെ. നന്ദി വലിയ ഹൃദയമുള്ള, ക്രേസിയായ എന്റെ കൂട്ടുകാരന്", എന്നാണ് ഫറ കുറിച്ചിരിക്കുന്നത്. സിനിമാതാരങ്ങളായ സോയ അക്തര്‍, സോനാലി ബേന്ദ്ര, ശ്വേത ബച്ചന്‍, രവീണ ടണ്ഡന്‍, അതിദി റാവു, ഗൗരി ഖാന്‍ എന്നിവരും അന്യയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു.