സിനിമാ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് സാമന്തയും നാഗ ചെെതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകത്ത് വലിയ ആഘോഷമായിരുന്നു. ഇപ്പോഴിതാ സാമന്ത പങ്കുവച്ച ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. സാമന്തയുടെ പിറന്നാളിന് ഭര്‍ത്താവ് നല്‍കിയ സര്‍പ്രെെസാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. രസകരമായ പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.
33-ാം ജന്മദിനം ആഘോഷിക്കുന്ന സാമന്തയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെയാണ് സാമന്തയുടെ പിറന്നാള്‍ ആഘോഷവും. ഭര്‍ത്താവ് നാഗ ചെെതന്യയ്ക്കൊപ്പം വളരെ ലളിതമായിരുന്നു സാമന്തയുടെ പിറന്നാള്‍ ആഘോഷം. കേക്കുണ്ടാക്കുന്ന നാഗചെെതന്യയുടെ വീഡിയോയും കേക്കിന്റെ ചിത്രവും സാമന്ത പങ്കുവച്ചിട്ടുണ്ട്. ഓണ്‍ലെെനില്‍ നിന്നും റസിപ്പി നോക്കിയാണ് നാഗ ചെെതന്യ കേക്കുണ്ടാക്കിയിരിക്കുന്നത്. ചോക്ലേറ്റ് കേക്കാണ് ഉണ്ടാക്കിയത്. കേക്കുണ്ടാക്കുന്ന നാഗ ചെെതന്യയുടെ വീഡിയോയും വെെറലായി.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരങ്ങളുടെ വിവാഹം. 2017 ല്‍ ഹെെദരാബാദില്‍ വച്ചായിരുന്നു വിവാഹം നടന്നത്. പിന്നീട് ഗോവയില്‍ വച്ച് ക്രിസ്ത്യന്‍ രീതിയിലുള്ള ചടങ്ങുകളും നടത്തിയിരുന്നു.സൂപ്പര്‍ ഡീലക്സിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സാമന്ത ഈ വര്‍ഷം ജാനുവിലൂടെ തെലുങ്കിലും കെെയ്യടി നേടി. ഓ ബേബിയായിരുന്നു അതിന് മുമ്പിറങ്ങിയ ചിത്രം. ഈ വര്‍ഷം തെലുങ്കിലേയും തമിഴിലേയും മികച്ച നടിയായി ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡും സാമന്ത നേടി.