ഒരൊറ്റ ഗാനം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ആളാണ് നഞ്ചമ്മ.‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ എത്തിയ ആദിവാസി കലാകാരിയായ ആ നഞ്ചമ്മയിതാ മലയാളികൾക്കിടയിലേക്ക് പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ്. ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂ ട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് അട്ടപ്പാടിയിലെ ഈ കലാകാരി.
കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂ ട്യൂബ് ചാനൽ ഔദ്യോഗികമായി അനാവരണം ചെയ്തത്.അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികളും ജീവിതാനുഭവങ്ങളും പാചക രീതികളും തനതു വൈദ്യവുമൊക്കെ ചാനലിലൂടെ നഞ്ചമ്മ പങ്കുവയ്ക്കും. വിശേഷങ്ങൾ കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നും നഞ്ചമ്മ ആവശ്യപ്പെടുന്നു.
നടി അനു സിതാരയും കഴിഞ്ഞദിവസം യൂ ട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. സിനിമയ്ക്കായി നഞ്ചമ്മ ആലപിച്ച 'കലക്കാത്ത' എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അട്ടപ്പാടിയിലെ കലാസംഘത്തിലെ അംഗം കൂടിയാണ് നഞ്ചമ്മ. ചിത്രത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശി തന്നെയായ പഴനി സ്വാമിയാണ് ഈ കലാസംഘത്തിന് നേതൃത്വം നൽകുന്നത്.