covid-

കൊല്ലം: കൊല്ലത്ത് വീണ്ടും മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശാ പ്രവർത്തക ഉൾപ്പടെ മൂന്നുപേർക്കാണ് ഇന്ന് കൊവിഡ് പൊസിറ്റീവായത്. ചാത്തന്നൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർ‌ത്തകയായ ചാത്തന്നൂർ സ്റ്റാന്റേർഡ് ജംഗ്ഷൻ സ്വദേശിനിയായ യുവതിയ്ക്കും പാരിപ്പള്ളി പാമ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്കും കുളത്തൂപ്പുഴ സ്വദേശിയ്ക്കുമാണ് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ആശാവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുൻപും ഇവിടെ മറ്റൊരു ആശാപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുളത്തൂപ്പുഴയിൽ കൊവിഡ് രോഗിയുമായി സമ്പർക്കം നടത്തിയ പുരുഷനാണ് കൊവിഡ് സ്ഥീരീകരിച്ചത്. പാരിപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ആശുപത്രിയിൽ സന്ദർശിച്ച വേളയിലാണ് രോഗം പിടിപെട്ടതെന്നും മാതാവ് ആശുപത്രിയിലെ ജീവനക്കാരിയായതിനാൽ അതുവഴി രോഗം പടർന്നതാണെന്നും സൂചനയുണ്ട്. കുടുംബ അംഗങ്ങളെ നിരീക്ഷണത്തിലാക്കി. കൊല്ലത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ വലിയ തോതിൽ ആശങ്ക പടരുന്നുണ്ട്. നിലവിൽ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.