വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ദുൽഖറിനെതിരെ വലിയ രീതിയിലുളള അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു.ചിത്രത്തിലെ ഒരു രംഗത്തിൽ തന്റെ വളർത്തു നായയെ സുരേഷ് ഗോപി പ്രഭാകരാ എന്ന് വിളിക്കുന്നുണ്ട്. ഇതാണ് ചിത്രം കണ്ട തമിഴ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ഇത് തമിഴ് പുലി നേതാവ് വേലുപ്പിളള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന തരത്തിലായിരുന്നു വിമർശനമുണ്ടായത്.
അധിക്ഷേപങ്ങൾ കൂടിയതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ രംഗത്തെത്തിയിരുന്നു. പട്ടണപ്രവേശത്തിലെ രംഗത്തിനൊപ്പമാണ് വിശദീകരണ പോസ്റ്റുമായി ദുർഖർ എത്തിയത്. പിന്നാലെയാണ് തമിഴ് താരം പ്രസന്ന ദുൽഖറിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
'മലയാളം സിനിമകൾ കാണുന്ന ഒരു തമിഴൻ എന്ന നിലയിൽ ആ സന്ദർഭം എനിക്ക് മനസിലാകും എന്നാണ് പ്രസന്ന തന്റെ ട്വീറ്റിൽ പറയുന്നത്. തെറ്റിദ്ധാരണകൾക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾക്കും താൻ ആത്മാർത്ഥമായി ഖേദം അറിയിക്കുകയാണ്. ഓർമ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് സുരേഷ് ഗോപി സർ ആ ചിത്രത്തിൽ ഉപയോഗിച്ചത് പോലെ തന്നെയാണ് ഈ പേരും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്'- പ്രസന്ന ട്വീറ്റ് ചെയ്തു.