pic

കൊല്ലം: കൊവിഡ് ബാധിത പ്രദേശമായ കണ്ണൂരിൽ നിന്ന് ടാങ്കർ ലോറിയിൽ ഒളിച്ചുകടന്ന മൂന്നുപേർ പാരിപ്പള്ളിയിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർ ദേവർ, അജിൻ, മനോവിജിൻ എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി ഐ.ഒ.സി പ്ലാൻിലേക്ക് വന്ന ബുള്ളറ്റ് പാചകവാതക ടാങ്കറിൽ എത്തിയവരാണിവർ.

കരാറുകാരന്റെ നിർദേശപ്രകാരം ലോറി ഡ്രൈവറുടെ അനുമതിയോടെ വർക്കലയിലെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പോകാനാണ് അജിനും മനോവിജിനും ലോക്ക് ഡൗൺ ലംഘിച്ച് എത്തിയത്. തുടർന്ന് ഐ.ഒ.സി പ്ലാന്റ് മാനേജർ വിവരം അറിയിച്ചതനുസരിച്ച് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫീസർ ഇൻ ചാർജ് ഡോ. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുജലാദേവി, ജെ.എച്ച്.ഐ മാരായ സുരേഷ്, ചിത്ര എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്തു. ജില്ലാ കൊവിഡ് കൺട്രോൾ യൂണിറ്റിന്റെ നിർദേശപ്രകാരം മൂന്നുപേരെയും ചാത്തന്നൂർ റോയൽ ആശുപത്രിയിൽ ക്വാറന്റൈനിലാക്കി. ലോക്ക് ഡൗൺ ലംഘനത്തിന് മൂന്നുപേർക്കുമെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു.