covid-19

കൊല്ലം: മാതാവിനൊപ്പം വിദേശത്ത് നിന്നെത്തി 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയശേഷം കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ടയിലെ ഏഴ് വയസുകാരിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ സാമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് സൂചന. രണ്ട് ദിവസമായി പെൺകുട്ടിയുടെ കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാണ്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ശൂരനാട് വടക്ക് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ വിശദമായ റിപ്പോർട്ടാണ് പ്രചരിക്കുന്നത്. പെൺകുട്ടിയുടെ മേൽവിലാസം, രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും പേര് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നാണ് പുറത്ത് പോകാൻ സാദ്ധ്യത.

കണ്ണനല്ലൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവതിയും പെൺകുട്ടിയും 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും വാങ്ങിയിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ശാസ്താംകോട്ട പഞ്ചായത്ത് പരിധിയിലെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. കുഞ്ഞിന് രോഗലക്ഷങ്ങൾ പ്രകടമാകുമ്പോൾ വിദേശത്ത് നിന്ന് വന്നിട്ട് 35 ദിവസത്തോളം കഴിഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ കുടുംബം ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.

സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പേരും മേൽവിലാസവും അടക്കം രേഖപ്പെടുത്തിയ ആശുപത്രിയുടെ മുദ്ര പതിപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച് തുടങ്ങി.

ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ കുടുംബത്തിന് നേരെ പ്രത്യേക ലക്ഷ്യങ്ങളോടെ പ്രചാരണം സജീവമായി. രോഗം ബാധിച്ച പെൺകുട്ടിയുടെ വീട്ടിൽ ജോലിക്ക് പോയിരുന്ന 65 വയസുള്ള സ്ത്രീയുടെ ചിത്രം സഹിതമാണ് ചിലർ പ്രചരിപ്പിച്ചത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബോധപൂർവം റിപ്പോർട്ട് പുറത്തുവിട്ടവരെ കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പും പൊലീസും ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വ്യാജ പ്രചാരണങ്ങൾക്കെതിരെ മൗനം

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും നടപടികൾ വൈകുകയാണ്. ഒരു കുടുംബത്തെയും അവരുമായി ബന്ധപ്പെട്ടവരെയും സാമൂഹമാദ്ധ്യമങ്ങളിൽ തേടിപ്പിടിച്ച് അപമാനിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വഴിമരുന്നിട്ടിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.