ക്ഷേത്രങ്ങൾ പരിപാലിക്കപ്പെടുന്നത് പോലെ ആശുപത്രികളും സ്‌കൂളുകളും സംരക്ഷിക്കപ്പെടണമെന്ന നടി ജ്യോതികയുടെ പരാമർശം തമിഴ്‌നാട്ടിൽ വിവാദമായി. "സിനിമാ ചിത്രീകരണത്തിനിടെ തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചപ്പോൾ എത്രമാത്രം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മനസിലായി, ക്ഷേത്രങ്ങൾ കൊട്ടാരം പോലെ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്നുവീഴുന്നത് മോശം അന്തരീക്ഷത്തിലാണ്" എന്നായിരുന്നു ജ്യോതികയുടെ വിമർശനം. ജ്യോതികയ്ക്കെതിരെ ചില സംഘടനകൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. അതോടെ പിന്തുണയുമായി ഭർത്താവും നടനുമായ സൂര്യ എത്തി. ട്വിറ്ററിലൂടെയാണ് സൂര്യയുടെ പ്രതികരണം.
സൂര്യയുടെ കുറിപ്പ്
''സ്‌കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളെ പോലെ കാണണമെന്നാണ് ജ്യോതിക പറഞ്ഞത്. ഇത് ചിലർ ദുഷ്ടലാക്കോടെ വ്യാഖ്യാനിച്ചു. വിവേകാനന്ദൻ ഉൾപ്പെടെ പങ്കുവച്ച കാഴ്ചപ്പാടാണിത്. മനുഷ്യത്വമാണ് മതത്തെക്കാൾ പ്രധാനമെന്ന് നമ്മുടെ മക്കൾ തിരിച്ചറിയും. മനുഷ്യരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണ്. നമ്മുടെ പൂർവികരും ഇതേ വിശ്വാസത്തെയാണ് പിന്തുടർന്നിരുന്നത്. ഞാനും കുടുംബവും ജ്യോതികയുടെ പ്രസ്താവനയ്‌ക്കൊപ്പമാണ്. ഇത് ആത്മീയാചാര്യൻമാർ പഠിപ്പിച്ച കാര്യമാണ്. ഞങ്ങളെ അപകീർത്തിപ്പെടുത്താൻ സമയം ചെലവഴിക്കുന്നുണ്ട്. പിന്തുണച്ച എല്ലാവർക്കും നന്ദി'''.
ജ്യോതിക നായികയായ പൊൻമകൾ വന്താൽ തിയറ്ററുകൾക്ക് പകരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി ബന്ധിപ്പിച്ചും ജ്യോതികക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. സൂര്യയുടെ സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യില്ലെന്നാണ് തിയറ്റുടമകളുടെ സംഘടനയുടെ തീരുമാനം. എന്നാൽ മുപ്പതിലേറെ നിർമ്മാതാക്കൾ സൂര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.