police

 വീക്ക്ലി ഓഫ് നൽകിയാൽ പകരം ഡ്യൂട്ടിക്ക് ആളില്ലെന്ന് മേലുദ്യോഗസ്ഥർ

കൊല്ലം:ചാത്തന്നൂരിലെ പൊലീസുകാർക്ക് ജോലി മടുത്ത് തുടങ്ങി. ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ഒരു ദിവസം പോലും സ്വസ്ഥമായി വീട്ടിലിരുന്നിട്ടില്ല. മറ്റിടങ്ങളിൽ കൃത്യമായി വീക്ക്ലി ഓഫ് നൽകുമ്പോഴാണ് ചാത്തന്നൂർ സബ് ഡിവിഷനിലെ പൊലീസുകാർക്ക് തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നത്.

അഞ്ച് പൊലീസ് സ്റ്റേഷനുകളിലായി ഏകദേശം 225 പൊലീസുകാരാണ് സബ് ഡിവിഷനിലുള്ളത്. ചാത്തന്നൂർ ഹോട്ട് സ്പോട്ടായതോടെ കൂടുതൽ കേന്ദ്രങ്ങളിൽ പിക്കറ്റിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് കൂടി ഹോട്ട് സ്പോട്ട് ആകുന്നതോടെ പൊലീസുകാരുടെ അവസ്ഥ കൂടുതൽ ദയനീയമാകും.

വീക്ക്ലി ഓഫ് അനുവദിച്ചാൽ പകരം ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആളില്ലെന്നാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. രാവിലെ ആറ് മണിക്ക് ജോലിക്കെത്തുന്ന എസ്.എച്ച്.ഒമാർ രാത്രി 9 മണിക്കാണ് മടങ്ങുന്നത്.

 കുടിവെള്ളം പോലുമില്ല

വിവിധ റോഡ് വക്കുകളിൽ പിക്കറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ സന്നദ്ധ സംഘടനകൾ കുടിവെള്ളം എത്തിക്കുമായിരുന്നു. ലോക്ക് ഡൗൺ നീണ്ടതോടെ എല്ലാവരും പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാരെ മറന്നിരിക്കുകയാണ്. ദാഹിച്ച് വലഞ്ഞാണ് പൊലീസുകാർ ഇപ്പോൾ ജോലി ചെയ്യുന്നത്.

 ചാത്തന്നൂർ സബ് ഡിവിഷനിൽ

 5 പൊലീസ് സ്റ്റേഷനുകൾ

 225 പൊലീസുകാർ