irfan-khan

രോഗാവസ്ഥയിൽ തളർന്നുപോകുന്നവരാണ് ഏറെയും, എന്നാൽ എത്ര ഗുരുതരമെങ്കിലും ആ അവസ്ഥയെ ചിരിച്ചുകൊണ്ട് നേരിടുന്നവരാണ് യഥാർത്ഥ ഹീറോസ്. അങ്ങനെ നോക്കുമ്പോൾ ഇർഫാൻ ഖാൻ സൂപ്പർ ഹീറോ ആയിരുന്നെന്ന് പറയാം. ഞെട്ടലോടെയാണ് ആരാധകർ ഇർഫാൻഖാന്റെ അസുഖത്തെക്കുറിച്ച് കേട്ടത്. എന്നാൽ രോഗത്തോട് പൊരുതി തോൽപ്പിക്കുമെന്ന നിലപാടിലായിരുന്നു ഇർഫാൻ. അതുകൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ച ഘട്ടത്തിൽ "ജീവിതം പിടിച്ചുകുലുക്കുന്ന ചില അനുഭവങ്ങളുമായിരിക്കും.

' കഴിഞ്ഞ 15 ദിവസങ്ങളായി എന്റെ ജീവിതം ഒരു അപ്രതീക്ഷിത കഥയായിരുന്നു. അപൂര്‍വ കഥകള്‍ തേടുന്ന ഞാന്‍ കണ്ടെത്തിയത് ഒരു അപൂര്‍വ രോഗമാണ്. ഞാന്‍ ഒരിക്കലും വിട്ടുകൊടുക്കാറില്ല. എന്റെ തിരഞ്ഞെടുക്കലുകള്‍ക്ക് വേണ്ടി പോരടിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യും. എന്റെ വീട്ടുകാരും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. സാധ്യമായ എല്ലാ വഴികളും ഞങ്ങള്‍ നോക്കും". എന്നായിരുന്നു ഇർഫാന്റെ പ്രതികരണം.

മാര്‍ച്ച് 2018 ലാണ് ഇര്‍ഫാന്‍ ഖാന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ചതോടെ ഇര്‍ഫാന്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. 2019 ഫെബ്രുവരിയിലാണ് അദ്ദേഹം തിരികെ വന്നത്. കഴിഞ്ഞ വര്‍ഷം തന്റെ തിരിച്ചു വരവും രോ​ഗവിവരങ്ങളും സൂചിപ്പിച്ച്‌ ഇര്‍ഫാന്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

" കഴിഞ്ഞ കുറച്ചു മാസങ്ങളായി താന്‍ രോഗശമനത്തിന്റെയും ആരോഗ്യം വീണ്ടെടുക്കലിന്റെയും അഭിനയത്തിന്റെയും പാതയിലായിരുന്നെന്നും, തന്നെ സ്നേഹിക്കുന്നവരുടേയെല്ലാം അഭ്യര്‍ത്ഥന പ്രകാരം, തന്റെ വിശേഷങ്ങള്‍ പങ്കു വെക്കണമെന്നുണ്ടെങ്കിലും ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെന്നും ജോലിയേയും ആരോഗ്യത്തെയും ഒരുമിച്ച്‌ കൊണ്ട് പോകാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞായിരുന്നു കുറിപ്പ്. ഈ കുറിപ്പില്‍ റില്‍കെയുടെ ഒരു കവിതാ ശകലവും അദ്ദേഹം കുറിച്ചിരുന്നു.

"എന്റെ ജീവിതം ഭൂമിയേയും ആകാശത്തേയും ഒട്ടാകെ മൂടുന്ന ഒരു വലയത്തിലാകുന്നു. ഒരു പക്ഷെ ഞാന്‍ അവസാനം വരെ എത്തില്ലായിരിക്കും, എങ്കിലും അത് വരെ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഞാന്‍ ദൈവത്തിനൊപ്പം വലം വെക്കുന്നു. ചിലപ്പോള്‍ അത് പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം നീണ്ട് പോകാം; എന്നിട്ടും ഞാനറിയാതെ പോകുന്നു, ഞാനൊരു ഫാല്‍ക്കണാണോ, കൊടുങ്കാറ്റാണോ, അതോ പാടി തീരാത്ത ഒരു പാട്ടാണോ എന്ന്."പ്രശസ്തകവി റൈനര്‍ മരിയ റില്‍കയുടെ ഈ വരികളെഴുതിയാണ് ഇര്‍ഫാന്‍ തന്റെ കുറിപ്പ് അന്ന് അവസാനിപ്പിച്ചത്. ആ വരികൾ സൂചിപ്പിച്ചപോലെ തന്നെ ഇർഫാൻ പാടി തീരാത്ത ഒരു പാട്ടായി.

1988-ൽ 21-ാം വയസ്സിൽ ബോളിവുഡിൽ അരങ്ങേറിയ ഇർഫാൻ ഖാൻ അഭിനയമികവുകൊണ്ട് ജനങ്ങളുടെ ഹൃദയത്തിലാണ് ചേക്കേറിയത്.ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ഓസ്കാർ ചിത്രമായ സ്ലംഡോഗ് മില്യനെയറിലും ഇർഫാൻ പ്രധാന കഥാപാത്രമാണ്.

ബോളിവുഡ് മാത്രമല്ല ഹോളിവുഡും ഇർഫാനെ അറിയും. ഹോളിവുഡിലെ വമ്പൻ ചിത്രങ്ങളിലൊന്നായ ‘ദി അമേസിങ് സ്‌പൈ‌ഡർമാൻ’ ഇർഫാന് എക്കാലവും പ്രിയപ്പെട്ട സിനിമയാണ്. അതുകൊണ്ട് തന്നെ ഒരു സൂപ്പർഹീറോ ആവാൻ അവസരം ലഭിച്ചാൽ, മനുഷ്യന്റെ അറിവില്ലായ്മകളെ തുടച്ചുനീക്കാനായിരിക്കും എന്റെ ശ്രമം.എന്ന് ഇർഫാൻ ഒരിക്കൽ പറയുകയുണ്ടായി.അഭിനയത്തിന്റെ കാര്യത്തിൽ ഇർഫാന് സ്വന്തമായ അനുമാനങ്ങൾ എന്നുമുണ്ടായിരുന്നു. ഇർഫാന്റെ അഭിപ്രായത്തിൽ എത്രനേരം സ്‌ക്രീനിൽ വരുന്നു എന്നതല്ല പ്രധാനം; എങ്ങനെ വരുന്നു എന്നതാണ്,​ കഥാപാത്രത്തെയാണ് താൻ നോക്കുന്നത്. അത് ലോകത്തോട് എന്തുപറയുന്നു എന്നതാണ് പ്രധാനം..

.