പൂട്ട് അഴിയാതെ കശുഅണ്ടി ഫാക്ടറികൾ
കൊല്ലം: ലോക്ക് ഡൗണിന് മുമ്പേ അടഞ്ഞ കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ വീടുകളിൽ അരിക്കലമൊഴിഞ്ഞു. ഫാക്ടറികൾ തുറക്കാൻ ഇനിയും വൈകിയാൽ ഭൂരിഭാഗം തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാകും.
കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ ഫെബ്രുവരി ആദ്യവും കാപ്പെക്സ് ഫാക്ടറികൾ മാർച്ച് ആദ്യവാരവും അടഞ്ഞതാണ്. പ്രവർത്തിച്ചുകൊണ്ടിരുന്ന വിരലിലെണ്ണാവുന്ന സ്വകാര്യ ഫാക്ടറികളും ലോക്ക് ഡൗണിൽ അടഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സൗജന്യ റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതുകൊണ്ടാണ് തൊഴിലാളി കുടുംബങ്ങൾ ഇതുവരെ പട്ടിണിയിലാകാഞ്ഞത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ സാമ്പത്തിക സഹായം ഇതുവരെയും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ചില സ്വകാര്യ ഫാക്ടറികൾ തുറന്നെങ്കിലും വളരെക്കുറച്ച് തൊഴിലാളികൾക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്.
നാടനെത്തിയിട്ടും സംസ്കരണം നീളുന്നു
പ്രാദേശികമായി സംഭരിച്ച നാടൻ തോട്ടണ്ടി കാഷ്യു കോർപ്പറേഷൻ ഫാക്ടറികളിൽ എത്തിയിട്ടും ജോലി തുടങ്ങാനുള്ള നടപടിയായില്ല. കശുഅണ്ടി തൊഴിലാളികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ച് വളരെ കുറച്ചുപേർക്കെങ്കിലും നിശ്ചിത ഇടവേളകളിൽ ജോലി ലഭ്യാമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ നാടൻ തോട്ടണ്ടിയുടെ സംസ്കരണം ഓണക്കാലത്തേക്ക് മാറ്റിവയ്ക്കാനാണ് അധികൃതരുടെ ആലോചന. കാഷ്യു ബോർഡ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വാങ്ങിയ തോട്ടണ്ടി തൂത്തുക്കുടി തുറമുഖത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
............................................
'ലോക്കി'ലുടക്കി പട്ടിണിയുടെ വക്കിൽ
അടഞ്ഞത്
കാഷ്യു കോർപ്പറേഷൻ: ഫെബ്രുവരി
കാപ്പെക്സ്: മാർച്ച്
സ്വകാര്യഫാക്ടറികൾ: ലോക്ക് ഡൗണിൽ
(പ്രധാന കാരണം മേഖലയിലെ പ്രതിസന്ധി)
.........
ആശ്വാസധനം
1000 രൂപ
.........
കാപ്പെക്സ് ഫാക്ടറികൾ: 10 തൊഴിലാളികൾ: 4500(ഏകദേശം) കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ: 30 തൊഴിലാളികൾ: 10,000 (ഏകദേശം) സ്വകാര്യ ഫാക്ടറികൾ: 700 തൊഴിലാളികൾ- 1,50,000 (ഏകദേശം) " മൂന്ന് മാസമായി വീട്ടിൽ കഴിയുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടുകാരനും ജോലിയില്ലാതായി. പട്ടിണിയുടെ വക്കിലാണ്. എത്രയും വേഗം ഫാക്ടറികൾ തുറക്കാൻ നടപടി സ്വീകരിക്കണം. രമാദേവി, കാഷ്യു കോർപ്പറേഷൻ, കാഞ്ഞാംകാട് ഫാക്ടറി തൊഴിലാളി ....................................................