b
കാറ്റത്ത് ഒടിഞ്ഞു വീണ വാഴകൾക്കൊപ്പം ഗണേഷ് കുമാർ

എഴുകോൺ: വേനൽമഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ എഴുകോൺ മേഖലയിൽ വ്യാപക കൃഷിനാശം. പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നേടിയ കാരുവേലിൽ തയ്യിലഴികത്തു പുത്തൻവീട്ടിൽ പി.ഗണേഷ് കുമാറിന്റെ നൂറോളം എത്തവാഴകൾ ഒടിഞ്ഞുവീണു. വാഴത്തോപ്പിന് സമീപം കൃഷി ചെയ്തിരുന്ന ചേന, പച്ചക്കറി തുടങ്ങിയ വിളകളും നശിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് ചുഴലിക്ക് സമാനമായ രീതിയിൽ ശക്തമായ കാറ്റുവീശിയത്.

കഴിഞ്ഞ ദിവസം എഴുകോൺ കരീപ്ര പഞ്ചായത്തുകളിൽ വീശി അടിച്ച കാറ്റിൽ 100 ഹെക്ടറോളം കൃഷി നശിച്ചിരുന്നു. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ഉൽപ്പനങ്ങൾക്ക് വിലകിട്ടാതെ പ്രതിസന്ധിയിലായ കർഷകർക്ക് കൃഷിനാശവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബാങ്ക് വായ്പയടക്കമെടുത്ത് കൃഷി ചെയ്തിരുന്ന പലർക്കും ഇത് താങ്ങാനാകുന്നതിലും അപ്പുറമായി.

എഴുകോൺ അമ്പലുത്തുംകാല ജയവിലാസത്തിൽ ശാന്തയുടെ വീടിനോട് ചേർന്ന് നിന്ന അക്വേഷ്യ മരത്തിൽ ഇടിമിന്നൽ ഏറ്റതും പരിഭ്രാന്തി പരത്തി. ഉഗ്ര ശബ്ദത്തോടെയുള്ള ഇടിമിന്നലേറ്റ് മരം പിളർന്ന അവസ്ഥയാണ്. വീടിന്റെ കോൺക്രീറ്റ് മേൽക്കൂരയുടെ ഒരു ഭാഗം അടർന്ന് പോകുകയും ചെയ്തു.