തഴവ: തഴവ വട്ടക്കായലിലെ അറുന്നൂറ് ഏക്കറിൽ നെൽക്കൃഷി വിളവെടുപ്പ് ആരംഭിച്ചു.
തഴവ ഗ്രാമ പഞ്ചായത്ത്, ഓണാട്ടുകര വികസന ഏജൻസി, കേരളാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തുടർച്ചയായ നാലാം തവണയാണ് വട്ടക്കായലിൽ നെൽക്കൃഷി വിളവെടുപ്പ് നടത്തുന്നത്. തരിശുനിലം കൃഷിയോഗ്യമാക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വട്ടക്കായലിൽ നെൽക്കൃഷി ആരംഭിച്ചത്. ഭൂവുടമകളുടെ സഹകരണത്തോടെ അഞ്ച് വർഷത്തേക്ക് പാട്ടത്തിനെടുത്ത വട്ടക്കായലിൽ നിന്ന് പ്രതിവർഷം ആയിരം ടണ്ണിലധികം നെല്ലാണ് കൊയ്തെടുക്കുന്നത്. കുട്ടനാടൻ കായൽക്കൃഷിയിൽ പ്രാവീണ്യമുള്ള ഒരു കർഷകന്റെ നേതൃത്വത്തിലാണ് ഇവിടെ നെൽക്കൃഷി നടത്തുന്നത്.
തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. അമ്പിളിക്കുട്ടൻ, പാവുമ്പ സുനിൽ, സെക്രട്ടറി ജനചന്ദ്രൻ, കൃഷി ഓഫീസർ ജെസ്മി എന്നിവർ പങ്കെടുത്തു.