c
ഹോട്ട് സ്‌പോട്ടുകൾക്ക് പുറത്തും പൊതുവഴിയടച്ച് പൊലീസ്

 മറ്റ് മേഖലകളിലും കർശന നിയന്ത്രണം

കൊല്ലം: കൊവിഡ് സ്ഥിരീകരിച്ച ഹോട്ട് സ്‌പോട്ടുകളുടെ സമീപ പഞ്ചായത്തുകളിലും ഹോട്ട് സ്പോട്ട് മേഖലകളിലേതിന് സമാനമായ പൊലീസ് ഇടപെടൽ. പോരുവഴി, നെടുമ്പന പഞ്ചായത്തുകളിലെ നിരോധനാജ്ഞയിൽ കഴിഞ്ഞ ദിവസം കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പൊലീസ് നിയന്ത്രണത്തിൽ ഇളവുകളില്ല.

പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന പോരുവഴി പഞ്ചായത്തിന്റെ എല്ലാ ഇടറോഡുകളും അടഞ്ഞ് കിടക്കുകയാണ്. ശാസ്‌താംകോട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച കുട്ടി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തൃക്കോവിൽവട്ടത്തും പരിസരങ്ങളിലും സമാന നിയന്ത്രണങ്ങളുണ്ട്. കുളത്തൂപ്പുഴയിലും ചാത്തന്നൂരിലും കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാൽ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാൻ വൈകും.

ഹോട്ട് സ്പോട്ടുകളുടെ സമീപ പഞ്ചായത്തുകളിൽ പൊലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പിടി അയയ്ക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഹോട്ട് സ്‌പോട്ട്, നിരോധനാജ്ഞ മേഖലകൾ സംബന്ധിച്ച് സർക്കാർ വകുപ്പുകൾക്കിടയിൽ അവ്യക്തതയുണ്ട്.

ആരോഗ്യ വകുപ്പിന്റെ കൊവിഡ് കൺട്രോൾ റൂമിൽ ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഹോട്ട് സ്പോട്ടുകളെ കുറിച്ച് അറിയാൻ ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ ബന്ധപ്പെടണമെന്നാണ് കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന മറുപടി. ജില്ലാ മെഡിക്കൽ ഓഫീസറുടെ ഔദ്യോഗിക നമ്പരിലേക്ക് പൊതുജനങ്ങളും മാദ്ധ്യമ പ്രവർത്തകരും വിളിച്ചാൽ ഫോണെടുക്കാറില്ല.